KeralaLatest NewsNews

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷം; മത്സരാര്‍ഥിയായ മകളെ സ്റ്റേജില്‍നിന്നും എറിഞ്ഞ് കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി പിതാവ്

മുവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഉച്ചക്ക് രണ്ട് മണിയോടടുത്ത് യു.പി വിഭാഗം കുച്ചിപ്പുടി മത്സരം നടന്ന വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്. വിധികര്‍ത്താക്കള്‍ പണം വാങ്ങിയാണ് വിധി പ്രഖ്യാപിച്ചതെന്ന് ആരോപിച്ച്‌ മട്ടാഞ്ചേരി പുളിക്കല്‍ ഷമീറാണ് മകള്‍ സഹലക്കൊപ്പം വേദിയില്‍ എത്തി ക്ഷുഭിതനായത്. മത്സരാര്‍ഥിയായ മകളെ സ്റ്റേജില്‍നിന്നും എറിഞ്ഞ് കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി പിതാവ് രംഗത്തെത്തി. രക്ഷകര്‍ത്താവിന്റെ പ്രതിഷേധം വലിയ ഭീതിയും സൃഷ്ടിച്ചു.

മത്സരാര്‍ഥിയായ മകളെ സ്റ്റേജില്‍നിന്നും എറിഞ്ഞ് കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു രക്ഷിതാവിന്റെ രോഷപ്രകടനം. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിന് ശേഷവും അധികൃതര്‍ ഒരു നിലപാടും സ്വീകരിക്കാതിരുന്നതാണ് മത്സരാര്‍ത്ഥിയുടെ പിതാവിനെ പ്രകോപിതനാക്കിയത്. മാധ്യമപ്രവര്‍ത്തകരുടേയും സദസില്‍ ഉണ്ടായിരുന്നവരുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് രക്ഷിതാവിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത്. ഒരുഘട്ടത്തില്‍ താനും മോളും ജീവനോടെ ഇവിടെനിന്ന് പോകുന്നില്ലെന്നും മകളെ എറിഞ്ഞുകൊല്ലാന്‍ പോകുകയാണെന്നും വ്യക്തമാക്കിയശേഷം എടുത്ത് ഉയര്‍ത്തി താഴേക്കിടാന്‍ ശ്രമിച്ചു.

ഉടന്‍ സമീപത്ത് നിന്നിരുന്നവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഷമീര്‍ ഈ നിക്കത്തില്‍നിന്നും പിന്മാറിയത്. തുടര്‍ന്ന് മകളെ സ്റ്റേജില്‍ ഇരുത്തുകയും ഒപ്പം വിധി പുന പരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലന്നായിരുന്നു അധികൃതരുടെ നിലപാട്. യു.പി വിഭാഗ മത്സരങ്ങള്‍ ജില്ലാതലത്തില്‍ അവസാനിക്കും എന്നിരിക്കെ അപ്പിലീനുള്ള അവസരവും ഇല്ല എന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്.

യു.പി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ വിദ്യാര്‍ത്ഥി മീനാഷി സംഗീതിനാണ് കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്നും വിധികര്‍ത്താക്കള്‍ സ്വാധീനത്തിനു വഴങ്ങി നല്‍കിയതാണെന്നും സഹലയുടെ പിതാവ് ഷമീര്‍ വാദിച്ചു. സംഭവം പ്രശ്നത്തിലേക്ക് നീങ്ങിയതോടെ പൊലീസും കൂടുതല്‍ സംഘാടകരും സ്ഥത്തെത്തി. ഏറെ നേരം പണിപ്പെട്ടതിനുശേഷമാണ് പിതാവിനെയും ഒപ്പമുണ്ടായിരുന്നവരേയും നിയന്ത്രിക്കാനായത്.

shortlink

Related Articles

Post Your Comments


Back to top button