തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുന്നു. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് പോകുന്നത്. ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള ആശങ്കയാണ് കനക്കുന്നത്. മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ കൊച്ചി പുറങ്കടലില്‍ കണ്ടെത്തി.
കാറ്റിന്റെ ദിശ കണക്കാക്കിയാണ് കൊച്ചി തീരത്തും അതിന് അപ്പുറത്തേക്കുമായി തെരച്ചില്‍ വ്യാപിച്ചത്. നാവിക സേനയുടെ പത്തുകപ്പലുകളും ഇന്ന് തിരച്ചിലിനുണ്ട്. കൊച്ചിയില്‍ നിന്ന് ആറ് മല്‍സ്യത്തൊഴിലാളികളെയും തിരുവനന്തപുരത്ത് രണ്ട് മല്‍സ്യത്തൊഴിലാളികളെയും നാവിക സേന ഒപ്പം കൂട്ടുന്നുണ്ട്. 16 മല്‍സ്യത്തൊഴിലാളികളുമായി മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ നടത്തിയ തെരച്ചില്‍ ഫലം കണ്ടിരുന്നു. നാവികസേനയുടെ തെരച്ചില്‍ 400 നോട്ടിക്കല്‍ മൈലിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ ബിത്രയില്‍ ഇന്നലെ കണ്ടെത്തിയ 72 മല്‍സ്യത്തൊഴിലാളികളെ നാവിക സേന അടുത്തദിവസം കേരളതീരത്ത് എത്തിക്കും. സര്‍ക്കാര്‍ കണക്കിനേക്കാള്‍ ഏറെ കൂടുതലാണ് ലത്തീന്‍ സഭ പുറത്തുവിട്ട കണക്ക്. കാണാതായവരെക്കുറിച്ച് സര്‍ക്കാര്‍ പക്കല്‍ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴുമില്ലെന്നതാണ് പ്രധാന ആരോപണം.
Post Your Comments