ന്യുയോര്‍ക്ക്: തങ്ങള്‍ക്കു നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് #മീ ടൂ കാമ്പയ്നിലൂടെ മൗനം വെടിഞ്ഞവര്‍ക്ക് ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ദി സൈലന്‍സ് ബ്രേക്കേഴ്സ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ടൈം മാഗസിന് ഇവരെ പുരസ്കാരത്തിനു പരിഗണിച്ചത്. ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും മോശം പെരുമാറ്റങ്ങളും തുറന്നുപറയാനും അവയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി നടി അലീസ മിലാനോ തുടങ്ങിവച്ച #Me too കാമ്ബയ്ന് ആഗോളതരത്തില്‍ വലിയ പ്രചാരം നേടി.
അടുത്തിടെ തങ്ങള്‍ക്കു നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് ഹോളിവുഡില്‍നിന്നും പുറത്തുമായി നിരവധി നടീനടന്മാര് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് റണ്ണറപ്പ് പുരസ്കാരത്തിന് അര്‍ഹനായത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പിന്തള്ളിയാണ് ട്രംപ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റീന്, നടന് കെവിന് സ്പാസി എന്നിവര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ ഹോളിവുഡിനെ തന്നെ പിടിച്ചുകുലുക്കി. ഹോളിവുഡിലെ മുന്‍നിര നടിമാരായ ആഞ്ജലീന ജോളി, ഗെയ്നദ് പാള്‍ട്രോ എന്നിവരുള്‍പ്പെടെ അന്‍പതില്‍ അധികം സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങളുടെ കഥകള്‍ തുറന്നുപറഞ്ഞു. ഇതിനു പിന്നാലെയാണ് ടൈം മാഗസിന്റെ ഈ വര്‍ഷത്തെ വ്യക്തിത്വമായി ദി സൈലന്‍സ് ബ്രേക്കേഴ്സിനെ തെരഞ്ഞെടുത്തത്.
Post Your Comments