ന്യൂഡൽഹി: രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ‘സംഭാവനപ്പെട്ടി.’ ഡൽഹി ഹൈക്കോടതി ഇതിനെതിരെ അതൃപ്തി രേഖപ്പെടുത്തി. ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോടതി സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്ഘട്ട് സമാധി സമിതിയോട് ആരാണ് സംഭാവനപ്പെട്ടി സ്ഥാപിക്കാൻ തീരുമാനമെടുത്തതെന്നും അതിൽ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നതെന്നും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഗാന്ധിസമാധി സ്മാരകത്തിന്റെ സംരക്ഷണ ചുമതല സമിതിക്കാണ്. സംഭാവനപ്പെട്ടിയിൽ നിന്നുള്ള പണം ലഭിക്കുന്നത് മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന് ആണ്. പെട്ടി ഇവർ തന്നെയാണ് സ്ഥാപിച്ചതെന്നും കൗൺസൽ ഫോർ സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റ് അറിയിച്ചു. തുടർന്ന് ഗാന്ധിസമാധിയിൽ സംഭാവനപ്പെട്ടി വയ്ക്കരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
‘ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദർശകർക്കു മുന്നിൽ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടത്? സമാധിസ്മാരം എല്ലാ ബഹുമാനവും അർഹിക്കുന്ന ഇടമാണ്. ബന്ധപ്പെട്ട അധികൃതർ ഇത് കൃത്യമായി സംരക്ഷിക്കുകയും വേണം’– കോടതി പറഞ്ഞു.
Post Your Comments