പാലക്കാട്: ഒ.എല്‍.എക്‌സ് വെബ്‌സൈറ്റിലൂടെ വാഹനങ്ങള്‍ വില്പനക്കെന്ന് വ്യാജ പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ദര്‍വേഷ്, ഫര്‍സാദലി, ബിജോയ് എന്നിവരെയാണ് പാലക്കാട് നോര്‍ത്ത് പോലീസ് പിടികൂടിയത്. ഒഎല്‍എക്‌സ് എന്ന ജനപ്രിയ ആപ്ലിക്കേഷനെയും വേദിയാക്കിയായിരുന്നു മൂവരുടെയും ഇടപാടുകള്‍.
പുതുപുത്തന്‍ വാഹനം, ആരെയും മോഹിപ്പിക്കുന്ന വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉടമകള്‍ റോഡരികില്‍ നിര്‍ത്തിപ്പോകുന്ന വാഹനത്തിന്റെയും, യൂസ്ഡ് കാര്‍ ഷോറുമുകളിലെ വാഹനങ്ങളുടെയുമൊക്കെ ഫോട്ടോകളാണ് സ്വന്തം വാഹനമെന്ന പേരില്‍ ഇവര്‍ ഒഎല്‍എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നത്. ആവശ്യക്കാര്‍ ഫോട്ടോ കണ്ട് വാഹനം ഇഷ്ടപ്പെട്ട് അഡ്വാന്‍സ് നല്‍കിയാല്‍ പിന്നെ ഇവരുടെ അഡ്രസ്സുണ്ടാകില്ല. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് സംഘം പിടിയിലായത്.
പാലക്കാട് ഇരട്ടയാല്‍ കൃഷ്ണപിള്ള നഗര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ദര്‍വേഷ് എന്ന ഷേയ്ക് ദര്‍വേഷ്, മലമ്പുഴ കടുക്കാം കുന്നം ആരതി നിവാസില്‍ ഫര്‍സാദലി, മലമ്പുഴ വാരണി പുഴക്കല്‍ വീട്ടില്‍ ബിജോയ് ,എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 7 മാസക്കാലമായി തുടരുന്ന തട്ടിപ്പിലൂടെ സംഘം വലിയൊരു തുക ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ കൊണ്ടോട്ടി, തുറക്കല്‍ സൗപര്‍ണ്ണികയില്‍ സംഗീതിന്റെ പരാതിയിന്‍മേലാണ് നോര്‍ത്ത് പോലീസ് കേസ്സെടുത്തത്. പോലീസ് ഉപഭോക്താവാണെന്ന വ്യാജേന ദര്‍വേഷുമായി ബന്ധപ്പെടുകയും പണം കൈമാറാന്‍ ഒലവക്കോട്ടിലേക്ക് വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സമാന രീതിയില്‍ പാലക്കാട് നോര്‍ത്ത് പോലീസില്‍ പത്തോളം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറു കണക്കിനു പേര്‍ ഈ സംഘത്തിന്റെ വലയിലായതാണ് പ്രാഥമിക നിഗമനം. ദര്‍വേഷിനും, ഫര്‍സാദലിക്കുമെതിരെ നേരത്തെ ടൗണ്‍ നോര്‍ത്ത് പേലിസ് സ്റ്റേഷനില്‍ കഞ്ചാവ് , കൊലപാതകശ്രമം എന്നീ കേസ്സുകള്‍ ഉണ്ട്. തട്ടിയെടുത്ത പണമുപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികള്‍ നടത്തി വരുന്നത്. പ്രതികളെ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments