ആലപ്പുഴ: റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. ട്രഷറിയില്‍നിന്ന് പണം ലഭിക്കാത്തതിനാലാണ് പ്രശ്‍നം രൂക്ഷമാകുന്നത്. ട്രഷറി ഉദ്യോഗസ്ഥര്‍, ആലപ്പുഴയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക് ആയിട്ടുകൂടിയും ചെക്കുമായി ചെല്ലുന്ന അധ്യാപകരുടെ മുന്നില്‍ കൈമലര്‍ത്തുകയാണ്. ട്രഷറി ഓഫീസര്‍മാര്‍ക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം ഡിസംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കേണ്ടതിനാല്‍ ഒരു ബില്ലും മാറി നല്‍കേണ്ടെന്നാണ്.
20 ലക്ഷം രൂപ കലോത്സവം നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.ലതിക ഇതില്‍ പത്തുലക്ഷം രൂപ നടത്തിപ്പിനുള്ള ചെലവിലേക്കായി ചെക്കായി നല്‍കി. ഓരോ കമ്മിറ്റിക്കാര്‍ക്കും ഒരു ലക്ഷം രൂപവീതമൊക്കെയാണ് നല്‍കിയത്. എന്നാല്‍, ഇതുമായി ട്രഷറിയില്‍ ചെന്നവര്‍ക്ക് ഒരു രൂപപോലും കിട്ടിയില്ല.
ആലപ്പുഴ റവന്യൂജില്ലാ കലോത്സവത്തിന് മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കണിച്ചുകുളങ്ങരയില്‍ നടക്കുന്നൂവെന്ന സവിശേഷത കൂടിയുണ്ട്. തിങ്കളാഴ്ച മത്സരങ്ങള്‍ തുടങ്ങും. ദിവസവും മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും പണം വേണം. ഓരോ കമ്മിറ്റിയുടെയും ചുമതലയുള്ള അധ്യാപകര്‍ സ്വന്തം കീശയില്‍നിന്ന് ചെലവഴിച്ചും കടംവാങ്ങിയുമൊക്കെയാണ് കാര്യങ്ങള്‍ നീക്കുന്നത്.
വിധികര്‍ത്താക്കള്‍ക്ക് പണം കൊടുക്കാന്‍ പറ്റാതാവുമ്പോഴാണ് പ്രശ്നം ഗുരുതരമാകുക. പ്രതിഫലം നല്‍കേണ്ടത് വിദ്യാഭ്യാസ ഉപഡയറക്ടറാണ്. ഇതിനായുള്ള പത്തുലക്ഷം രൂപയുടെ ചെക്ക് കൈയില്‍ കൊണ്ടുനടക്കാന്‍ മാത്രമേ ഇവര്‍ക്കും കഴിയുകയുള്ളൂ. ധനമന്ത്രി നല്‍കിയ നിര്‍ദേശത്തിന് മന്ത്രി തന്നെ ഇളവു നല്‍കിയാലെ ട്രഷറിയില്‍നിന്ന് പണം കിട്ടുകയുള്ളൂ. ആലപ്പുഴ കലോത്സവത്തിന് മാത്രമായി ഇളവ് നല്‍കാനും കഴിയില്ല. മറ്റ് ജില്ലകളിലും കലോത്സവങ്ങള്‍ നടക്കുന്ന സമയമാണ്. പ്രശ്നം മന്ത്രിയെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
Post Your Comments