
ബ്രിട്ടണിലെ 54 ലക്ഷത്തിലേറെ ഐഫോണ്‍ ഉടമകള്‍ക്ക് ഗൂഗിള്‍ 300 പൗണ്ടു വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഗൂഗിള്‍ 258 കോടിയിലേറെ രൂപ (40 മില്ല്യന്‍ ഡോളര്‍) ഈ വിഷയത്തില്‍ അമേരിക്കയില്‍ നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു.
ബ്രിട്ടണിലെ അരക്കോടിയിലേറെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കു വേണ്ടി സ്വകാര്യതയിലേക്കുള്ള ഗൂഗിളിന്റെ കടന്നു കയറ്റത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് താമസിയാതെ വിധിയാകുന്നത്. ഗൂഗിളിന്റെ ഈ കടന്നു കയറ്റം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിതരായ ബ്രിട്ടിഷുകാര്‍ക്കു വേണ്ടി കോടതിയെ സമീപിച്ചത് വിച്? (Which?) എന്ന ഉപയോക്താക്കളുടെ സംഘടനയുടെ മുന്‍ ഡയറക്ടര്‍ റിച്ചാഡ് ലോയ്ഡ് ആണ്.
2011 മാര്‍ച്ച് മുതല്‍ നവംബർ വരെയുള്ള മാസങ്ങളില്‍ ഗൂഗിള്‍ നേരിടുന്ന ആരോപണം ഐഫോണിലെയും ഐപാഡിലേയും ഡീഫോള്‍ട്ട് ബ്രൗസറായ സഫാരിയുടെ സ്വകാര്യതാ സെറ്റിങ് മറികടന്ന് ഉപയോക്താക്കളുടെ ബ്രൗസിങ് രീതികള്‍ ഒളിഞ്ഞു നോക്കി എന്നതാണ്.
കൂടാതെ, വ്യക്തികേന്ദ്രീകൃതമായ പരസ്യങ്ങള്‍ ഈ ഡേറ്റ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ കേസില്‍, 2015ല്‍ ബ്രിട്ടണിലെ കോര്‍ട്ട് ഓഫ് അപ്പീല്‍ ഗൂഗിളിനെതിരെ കോടതിയില്‍ പോകാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടെന്ന് വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗൂഗിളിനെതിരെ കുറച്ച് ഉപയോക്താക്കള്‍ നേരിട്ട് കേസിനു പോകുകയും അവരുമായി ഗൂഗിള്‍ ധാരണയിലെത്തുകയും ചെയ്തു. ഇപ്പോള്‍ ലോയ്ഡ് കോടതിയെ സമീപിച്ചിരിക്കുന്നത് ഈ കാലയളവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള മുഴുവന്‍ പ്രശ്‌നബാധിതര്‍ക്കും വേണ്ടിയാണ്.
Post Your Comments