തിരുവനന്തപുരം•അയോദ്ധ്യയില്‍ ബാബറി മസ്‌ജിദ് തകര്‍ത്തിന്റെ 25-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ അഭ്യര്‍ത്ഥിച്ചു. കറുത്തകൊടി ഉയര്‍ത്തിയും പോസ്റ്റര്‍ പ്രചരണം നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും കരിദിനമാചരിക്കണം. മതനിരപേക്ഷ ചിന്താഗതിക്കാരായ മുഴുവന്‍ ആളുകളും കരിദിനാചരണവുമായി സഹകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യ വ്യാപകമായി ഡിസംബര്‍ ആറ് കരിദിനമായി ആചരിക്കാന്‍ ഇടതുപക്ഷപാര്‍ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഭരണഘടനാശില്‍പ്പിയായഡോ. ബി ആര്‍ അംബേദ്‌കറിന്റെ ചരമദിനം കൂടിയാണ് ഡിസംബര്‍ ആറ്. കേന്ദ്രസര്‍ക്കാരിന്റെയും, ബിജെപിയുടെ നേതൃത്വത്തിലുള്ള പല സംസ്ഥാന സര്‍ക്കാരുകളുടെയും പ്രോത്സാഹനത്തോടെ നടക്കുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരിദിനമാചരിക്കുന്നത്. രാജ്യവ്യാപകമായി ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുന്നതിനെതിരെയുമുള്ള പ്രചരണത്തിന് ഈ അവസരം ഉപയോഗിക്കണം. ബിജെപി യുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളാണ് ബാബറി മസ്‌ജിദ് തകര്‍ത്തത്. രാജ്യത്തെമ്പാടും ഇന്നും ഇതേശക്തികള്‍ നിയമം കൈയ്യിലെടുത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും സാമുദായിക കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണ്. ഇതിനെതിരായി മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്‌മകള്‍ രാജ്യത്തെമ്പാടും ശക്തിപ്പെടുത്തണം-പ്രസ്‌താവനയില്‍ പറഞ്ഞു.
Post Your Comments