തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ 72 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും വെള്ളത്തില്‍ കിടന്നതുകൊണ്ട് ശരീരത്തിന്റെ ഊഷ്മാവ് കുറഞ്ഞ് ബോധക്കേട് വന്ന അവസ്ഥയിലാണ് പലരരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പേശികള്‍ക്കുള്ള പരിക്ക് കാരണം രക്തത്തില്‍ മയോഗ്ലോബിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. ഇത് കൂടിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനായി ഡയാലിസിസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശപ്രകാരം ഇവരുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിപുലമായ സൗകര്യമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, ഡോ. സന്തോഷ് കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ 20 ഡോക്ടര്‍മാര്‍, 20 പി.ജി. ഡോക്ടര്‍മാര്‍, 25 ഹൗസ് സര്‍ജന്‍മാര്‍, 100 നഴ്‌സുമാര്‍, നിരവധി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, അറ്റന്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഒത്തൊരുമിച്ചു. ഇവരെ സഹായിക്കാനായി പോലീസ് വിഭാഗവും വിവിധ സര്‍വീസ് സംഘടനകളും, യുവജന സംഘടനകളും ഒത്തൊരുമിച്ചു. അനേകം പേര്‍ ഒരേസമയം ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയതറിഞ്ഞ് ഡ്യൂട്ടി കഴിഞ്ഞ് പോയവര്‍ പോലും സഹായഹസ്തവുമായി വന്നുകൊണ്ടിരിന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 100ലധികം പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനായി വാര്‍ഡുകളും തീവ്ര പരിചരണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇതോടൊപ്പം ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ പൂന്തുറ സ്വദേശി മൈക്കിളിന് അടിയന്തിര ശസ്ത്രക്രിയയും നടത്തിയിരുന്നു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌കും സ്ഥാപിച്ചു.
ഇതോടൊപ്പം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇവര്‍ക്കെല്ലാവര്‍ക്കും പരിശോധനകളും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എല്ലാം സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. മാത്രമല്ല ഇവര്‍ക്കായി പുതിയ ബെഡ് ഷീറ്റുകളും പുതപ്പുകളും വാങ്ങുകയും ചെയ്തു.
മരിച്ചവരുടെ ബന്ധുക്കളുടെ ആശങ്ക പരിഗണിച്ച് അവരുടെ പോസ്റ്റുമോര്‍ട്ടം രാത്രിയില്‍ ചെയ്ത് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ മാതൃക കാട്ടി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ രാവിലെ തന്നെ ബന്ധുക്കള്‍ക്ക് കൈമാറി.
Post Your Comments