സ്വന്തം നിയോജകമണ്ഡലത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിയാത്ത നേതാവിനെങ്ങിനെ രാജ്യത്തെ വിശ്വാസത്തിലെടുക്കാൻ കഴിയും?. എങ്ങിനെയാണ് ഗുജറാത്തിലെ ജനതക്ക് എങ്ങിനെയാണ് വലിയ പ്രതീക്ഷകൾ നല്കാനാവുക……. എങ്ങിനെയാണ് അങ്ങിനെയൊരു നേതാവിന് ഒരു ദേശീയ പാർട്ടിയുടെ തലപ്പത്തേക്ക് കടന്നിരിക്കനാവുക.? ഉത്തർ പ്രദേശിൽ കഴിഞ്ഞദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യ ചിന്തിക്കുന്നത് ഏതാണ്ടിതുപോലെയാണ്. രാഹുൽ ഗാന്ധിക്കൊപ്പം നില്ക്കാൻ അമേത്തിയിലെ ജനങ്ങൾ പോലും തയ്യാറല്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണിത് എന്നത് പ്രധാനമാണല്ലോ. ബിജെപി യുപിയിൽ നേടിയ വലിയ വിജയത്തിന്റെ ചരിത്രത്തിലേക്ക് കടക്കുംമുൻപ് പരിശോധിക്കപ്പെടേണ്ടത് രാഹുലിന്റെ നേതൃ പാടവവും അതിനോട് ജനങ്ങൾ കാണിക്കുന്ന മനോഭാവവുമാണ് എന്ന് കരുതുന്നയാളാണ് ഞാൻ. അമേരിക്കയിലും മറ്റുംചെന്ന് എന്തൊക്കെയോ പരിശീലനങ്ങൾ പൂർത്തിയാക്കി ഗുജറാത്തിനെ കരസ്ഥമാക്കാൻ ഇറങ്ങിയ അദ്ദേഹം പാടെ ചുവടുപിഴച്ച് വീഴുന്നതിന്റെ ചിത്രമാണ് യുപിയിൽ ഇക്കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. അതാവട്ടെ കോൺഗ്രസ് രാഹുലിന് കീഴിൽ ഒരുതരത്തിലും രക്ഷപെടാൻ പോകുന്നില്ലെന്ന വ്യക്തമായ സന്ദേശമല്ലേ നൽകുന്നത്?. ഗുജറാത്തിലും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയടികൾ ഉണ്ടാവുമെന്നതിൽ സംശയമില്ല. കോൺഗ്രസിൽ വലിയ പ്രശ്നങ്ങൾ പോലും ഗുജറാത്തിനുശേഷം ഉടലെടുത്താൽ അതിശയിക്കാനുമില്ല.
യു.പി നഗരസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പലർക്കും ചൂണ്ടുപലകയാണ് എന്നതിൽ തർക്കമുണ്ടാവാനിടയില്ല. ഏതാനും മാസം മുൻപ് അവിടെത്തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമാണ് അതെന്ന് ഏറെക്കുറെ വ്യക്തം. ബിജെപി അവിടെ വളരെയേറെ മുന്നിലാണ്, മറ്റാരേക്കാളും ; എന്തെല്ലാമാണ് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചത്. അവസാനം കോൺഗ്രസും അഖിലേഷും മായാവതിയുമൊക്ക എവിടെയെത്തിനിൽക്കുന്നു. ജനങ്ങൾ എങ്ങിനെയാണ് ബിജെപിയോട് പ്രതികരിച്ചത് എന്നതാണ് കാണേണ്ടത്…….
യു. പിയിൽ തിരഞ്ഞെടുപ്പ് നടന്നത് 652 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. അതിൽ 16 കോർപറേഷൻ; മുനിസിപ്പൽ കൗൺസിൽ 198 എണ്ണം. കോര്പറേഷൻ വാർഡ് -1300 ; നഗരസഭ വാർഡ് 5261. നഗർ പഞ്ചായത്തുകൾ 438. നഗർ പഞ്ചായത്ത് വാർഡുകൾ 5434. 11389 പോളിങ് കേന്ദ്രങ്ങളിലായി 36269 പോളിംഗ് ബൂത്തുകൾ. 3. 92 കോടി വോട്ടർമാർ. 2012 -ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് 12 മേയർ പോസ്റ്റുകൾ; ആദിത്യനാഥ് സർക്കാർ രണ്ട് മുൻസിപ്പൽ കോർപറേഷൻ കൂടിയുണ്ടാക്കി….അയോധ്യയും മധുര-വൃന്ദാവനും. ഈ അതായത് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്ന ഭൂപ്രദേശം നോക്കിയാലറിയാം, ഏതാണ്ട് യുപിയുടെ ഒരു പരിച്ഛേദമാണ് എന്ന്. അതാണ് സൂചിപ്പിച്ചത്, യുപിയിൽ ആദിത്യനാഥ് സർക്കാർ എത്രത്തോളം ജനകീയമാണ് എന്നും അതിനും ബിജെപിക്കും എതിരായ ആക്ഷേപങ്ങൾ ജനങ്ങൾ ചെവിക്കൊണ്ടില്ല എന്നുമാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്ന് .
സംസ്ഥാനത്തെ 16 മേയർ പോസ്റ്റുകളിൽ പതിനാലും ബിജെപിയ്ക്കായി. 1300 മുനിസിപ്പൽ കോർപറേഷൻ വാർഡുകളിൽ 596 എണ്ണവും ബിജെപി നേടി; 198 നഗർ പാലിക പരിഷദ് ചെയർമാൻ പദത്തിൽ എഴുപതും ബിജെപി കരസ്ഥമാക്കി. 438 നഗർ പഞ്ചായത്ത് ചെയർമാന്മാരിൽ നൂറും ബിജെപിയുടേതായി. അലിഗഢ്, മീററ്റ് എന്നിവയാണ് ബിജെപിക്ക് നഷ്ടമായ മേയർ പദവികൾ. അയോദ്ധ്യ, മധുര, ഗോരഖ്പൂർ, ലക്നൗ, വാരാണസി, അലഹബാദ്, ഝാൻസി, കാൺപൂർ, ആഗ്ര, ഫിറോസാബാദ്, ഗാസിയാബാദ്, മൊറാദാബാദ്, ഝാൻസി, ബറേലി, സഹാറൻപുർ എന്നിവയും ബിജെപിയുടെ മേയർമാരുള്ള നഗരങ്ങളായിമാറി. ഇത് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചതിൻറെ കണക്കാണ്. ബിജെപി പിന്തുണയോടെ സ്വതന്ത്രരായി ജയിച്ചവർ വേറെയുമുണ്ട്.
സമാജ്വാദി പാർട്ടിക്ക് ലഭിച്ചത് 196 വാർഡുകൾ; 41 നഗർ പാലിക പരിഷദ് ചെയര്മാൻ പദവും 81 നഗർ പഞ്ചായത്ത് ചെയർമാൻ സ്ഥാനവും അവർക്ക് ലഭിച്ചു. ഒരൊറ്റ മേയറെപ്പോലും എസ്പിക്ക് ജയിപ്പിക്കാനായില്ല എന്നത് വലിയ രാഷ്ട്രീയ തിരിച്ചടിതന്നെയാണ്. കോൺഗ്രസും സമാനസ്ഥിതിയിലാണ് . കോൺഗ്രസിനാകെ ലഭിച്ചത് 20 നഗരസഭാ വാർഡുകൾ മാത്രം.
നമുക്കറിയാം യുപി നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ ജിഎസ് ടി , നോട്ട് നിരോധനം, ദളിത് – കർഷക -ന്യൂനപക്ഷ ദ്രോഹം…. അങ്ങിനെയെന്തൊക്കെയുള്ള ആക്ഷേപങ്ങളാണ് ഇത്തവണയും പ്രചാരണത്തിനായി ഉപയോഗിച്ചത്. വ്യാപകമായി അത് പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ, കള്ളത്തരങ്ങൾ യു. പി ജനത മനസിലാക്കി, ബിജെപിയെ ജയിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നല്ല ജനക്ഷേമ നടപടികളാണ് ആദിത്യനാഥും ബിജെപിയും മുന്നോട്ടിവെച്ചത്. വെറും നാല് മണിക്കൂർ പോലുമില്ലാതിരുന്ന വൈദ്യുതി ഏതാണ്ട് 20 മണിക്കൂറോളം തടസമില്ലാതെ ലഭ്യമായതാണ് ഏറ്റവും പ്രധാനം. കർഷകക്ഷേമ പദ്ധതികൾ മറ്റൊന്ന്. കാര്ഷികകടം എഴുതിത്തള്ളുമെന്ന് പറഞ്ഞിരുന്നത് സർക്കാർ നടപ്പിലാക്കി. അന്ന് അതിനെ ആക്ഷേപിച്ചും വെറും തട്ടിപ്പാണ് എന്ന് വിളിച്ചും നടന്നവരാണ് കോൺഗ്രസുകാർ……. സീതാറാം യെച്ചൂരിയെപ്പോലുള്ളവരുടെ പ്രസ്താവനകളും ഓർമ്മിക്കുക. അതുമാത്രമല്ല സർക്കാർ ചെയ്തത്. കർഷകരുമായി നേരിട്ട് സംസാരിക്കാനും അവരുടെ വിഷമതകൾ പരിഹരിക്കാനും തയ്യാറായി. സബ്സിഡികൾ, വളം അടക്കമുള്ളത്, കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കാനും ശ്രദ്ധിച്ചു. വലിയ ചൂഷണമാണ് ഇതോടെ ഒഴിവായത്. സംസ്ഥാനത്തെ റോഡുകൾ നന്നാക്കിയതാണ് മറ്റൊന്ന്…… സമയപരിധി നിശ്ചയിച്ച് റോഡ് നവീകരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനായി. ഇതൊക്കെ യുപി ജനതക്ക് ഒരു മാറ്റമായി തോന്നി….. അവർ ജനങ്ങൾ, ബിജെപിക്കൊപ്പം നില്ക്കാൻ തയ്യാറായി. തീർച്ചയായും ഈ ജനവിധി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ് …..കൂടുതൽ ജനക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനുള്ള ചുമതല. അത് മുഖ്യമന്ത്രി തന്നെ ഇന്നലെ തുറന്ന് സമ്മതിച്ചിട്ടുണ്ട്.
യു.പിയിലേത് നഗരസഭാ ജില്ലാ പഞ്ചായത്ത് ഫലങ്ങളാണ് എങ്കിലും അതിന് ദേശീയതലത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിലൊന്ന് ബിജെപിക്കെതിരെ എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് പറഞ്ഞുനടന്നവർക്ക് യാതൊന്നും ചെയ്യാനാവുന്നില്ല എന്നതുതന്നെ. യുപിയിൽ ഇത്തവണയും ഏതാണ്ടൊക്കെ ചതുഷ്കോണ മത്സരമായിരുന്നു. ചിലയിടങ്ങളിൽ അതിലേറെ സ്ഥാനാർഥികളും. പ്രതിപക്ഷനിരയിൽ ഐക്യത്തിന്റെ ചിന്തയുണ്ടാക്കാൻ പോലുമാവുന്നില്ല എന്നതല്ലേ ഇത് കാണിക്കുന്നത്. മറ്റൊന്ന് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയാൽ, അഴിമതിക്ക് അറുതിവരുത്താനായാൽ ജനങ്ങൾ കൂടെ നിൽക്കുമെന്നത്. മൂന്നാമത് , ബിജെപിക്ക് ബദൽ എന്നത് വെറുമൊരു സങ്കല്പം മാത്രമാണ് എന്നതും.
ഗുജറാത്തിലും യു. പി തിരഞ്ഞെടുപ്പ് ഫലങ്ങൾ ചലനങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. അവിടെ എല്ലാവരും പറയുന്നത് രാഹുൽ ഗാന്ധിയുടെ മഹത്തായ കഴിവിനെക്കുറിച്ചാണല്ലോ. ആരെല്ലാമോ യോജിപ്പിച്ചുകൊണ്ട്അവിടെ വലിയൊരു ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കിയിരിക്കുന്നു എന്നതാണ് അവർ വിളമ്പുന്നത്. അതിന്റെ യാഥാർഥ്യം ഞാൻ മുൻപ് വിശദീകരിച്ചിട്ടുണ്ട്…… അടിത്തറയില്ലാത്ത കുറെ നേതാക്കളുടെ ഒരു നിരയാണ് ഇന്നിപ്പോൾ രാഹുലിനൊപ്പമുള്ളത് എന്നത്. നടപ്പിലാക്കാൻ കഴിയാത്ത സംവരണ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ യാഥാർഥ്യം ഇന്നിപ്പോൾ കോൺഗ്രസുകാരിൽ കുറേപ്പേരെങ്കിലും സമ്മതിക്കുന്നുണ്ട്. രാഹുൽ സംബന്ധിക്കുന്ന ഒരു വലിയ റാലി സംഘടിപ്പിക്കാൻ കഴിയാതെ പോകുന്നതും അദ്ദേഹത്തിന്റെ പ്രചാരണം പൊതുനിരത്തിലെ വാഹനവ്യൂഹത്തിലെ യാത്രയിൽ ഒതുങ്ങുന്നതുമൊക്കെ കോൺഗ്രസുകാർ പോലും തിരിച്ചറിയുന്നുണ്ട്. എന്നാൽ അതിലൂടെ ജയിക്കാനാവുമെന്ന് ആരൊക്കെയോ രാഹുലിനെ ഉപദേശിക്കുന്നു……………. സാം പിട്രോഡയും മറ്റുമാണ് ഗുജറാത്തിൽ തമ്പടിച്ച് കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷനെ ഉപദേശിക്കുന്നതത്രെ. എന്നാൽ ഹാർദിക് പട്ടേലും മറ്റും കോൺഗ്രസിന് വിജയം നേടിക്കൊടുക്കുമെന്ന് കരുതാൻ പലർക്കുമാവുന്നില്ല……… സ്വബോധം നഷ്ടമാവാത്തവരുടെ കഥയാണിത്. അങ്ങിനെയുള്ള ചിന്തകൾ ശക്തമാവുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിൽപോലും സ്വാധീനമില്ലാതായത് വെളിച്ചം കാണുന്നത്; അമേത്തിയിൽ കോൺഗ്രസിനുണ്ടായ ദയനീയ തിരിച്ചടിയാണ് ഉദ്ദേശിച്ചത്. ഇതോടെ രാഹുലിന്റെ ഭക്തന്മാരിൽപ്പോലും കൂടുതൽ സംശയങ്ങൾ ഉടലെടുക്കുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് ഗുജറാത്തിൽ ചെറിയ ചലനങ്ങളാവില്ല സൃഷ്ടിക്കുക.
രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇപ്പോൾ തന്നെ കോൺഗ്രസിനുള്ളിൽ ചെറുതായെങ്കിലും ചോദ്യം ചെയ്യപ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇന്നലെ കോൺഗ്രസിന്റെ ഒരു ദേശീയ വക്താവ് പറഞ്ഞത്, ഇതൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള (proprietorship concern ) പാർട്ടിയാണ് എന്നാണ്. അതാണ് കോൺഗ്രസിലെ പ്രമുഖരുടെപോലും ചിന്ത. “മുതലാളി പറയും, മറ്റുള്ളവർ അനുസരിക്കുന്നു….. “. എല്ലാം അവിടെനിന്ന് പറയുന്നതനുസരിച്ച് ; എതിർക്കുന്നവർക്ക് പുറത്തുപോകേണ്ടിവരും. അതുകൊണ്ട് പിസിസി അംഗങ്ങളാവേണ്ടവരെപ്പോലും ഡൽഹിയിൽ മുതലാളി തീരുമാനിക്കുന്നു എന്നല്ലേ മഹാരാഷ്ട്രയിലെ ഒരു സജീവ കോൺഗ്രസ് നേതാവ് പരസ്യമായി പറഞ്ഞത്. അതൊക്കെ അവരുടെ ആഭ്യന്തര കാര്യമല്ലേ എന്ന് ചോദിക്കാം…. പക്ഷെ തിരഞ്ഞെടുപ്പ് കംമീഷന്റെ ചട്ടങ്ങൾ പ്രകാരം രാഷ്ട്രീയ പാർട്ടികളിൽ തിരഞ്ഞെടുപ്പ്കൾ നടക്കണം . അതാണ് ഇവിടെ വേണ്ടവിധം നടക്കാതെവന്നിരിക്കുന്നത്. ഇതൊക്കെ തല്ക്കാലം വ്യാപകമായി കോൺഗ്രസിൽ ചർച്ചചെയ്യപ്പെടാനിടയില്ലെങ്കിലും ഗുജറാത്തിലെ തോൽവിയോടെ കാര്യങ്ങൾ കൂടുതലായി പുറത്തേക്ക് ഇറങ്ങുമെന്നതിൽ സംശയമില്ല. രാഹുൽ പ്രസിഡന്റായി ചുമതലയേറ്റ ശേഷം പുറത്തുവരുന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന് എതിരാവുമെന്നതിൽ സംശയ മാർക്കാണുള്ളത് ,,,,, കോൺഗ്രസിനെ തലയിലേറ്റി നടക്കുന്ന കുറെ മാധ്യമപ്രവർത്തകർക്കൊഴികെ?. ഇവിടെ നാളെകളിൽ കാര്യങ്ങൾ മെച്ചപ്പെടുത്തണം എന്നും അതിന് പ്രിയങ്കയെയോ എന്തിന് റോബർട്ട് വദ്രയെയോ കൊണ്ടുവരണമെന്നും ആവശ്യമുയർന്നാൽ പോലും അതിശയിക്കാനില്ല. ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രിയങ്കയെ കൊണ്ടുവരണമെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസുകാർ ഡൽഹിയിൽ പ്രകടനം നടത്തിയതോർക്കുക. റോബർട്ട് വാദ്രക്ക് താല്പര്യങ്ങളേറെയുണ്ട് എന്നത് കാണാതെപോകാനുമാവില്ലല്ലോ.
Post Your Comments