അഭിയുടെ പാട്ട് സീനിൽ അഭിയുടെ ദൃശ്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട പ്രമുഖൻ അബി മരിച്ചു കഴിഞ്ഞു അനുശോചന കുറിപ്പ് എഴുതിയത് കണ്ടെന്നു സംവിധായകൻ ശരത് എ ഹരിദാസൻ.ലാ ലാ ലാസാ… എന്ന ഗാനത്തിൽ അബി തന്റെ മാസ്റ്റർ പീസ് ആയ ആമിനത്താത്തയായാണ് എത്തിയതും. വൻ ഹിറ്റ് ആയിരുന്നു ഗാനം. എന്നാൽ പാട്ടിന്റെ ദൃശ്യങ്ങളിൽ അബിയുടെ ഒറ്റ ഷോട്ട് മാത്രമാണുണ്ടായിരുന്നത്. പാട്ടിന്റെ വിഷ്വൽസില്‍നിന്ന് അബിയുടെ ഷോട്ടുകൾ ഒരു സിനിമാ പ്രമുഖൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വെട്ടി മാറ്റുകയായിരുന്നുവത്രേ.
അബിയെ പോലൊരു ലോക്കൽ ആർടിസ്റ്റിന് ഇത്രയേറെ പ്രാധാന്യം പാട്ടിൽ നൽകുന്നത് ശരിയല്ലെന്ന് ഇദ്ദേഹം പറഞ്ഞുവെന്നും അതേയാൾ അദ്ദേഹത്തിനായി കണ്ണീരിൽ കുതിർന്ന അനുശോചനക്കുറിപ്പ് എഴുതിയതു വായിക്കാനിടയായെന്നും ശരത് പറയുന്നു. പ്രമുഖന്റെ കുറിപ്പു വായിച്ചാണ് ഇക്കാര്യം എഴുതണമെന്നു തീരുമാനിച്ചതെന്നും ശരത് പറയുന്നു. അബിക്കയുടെ ഒറ്റ ഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ സോങ് വിഷ്വൽസിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ ഞാൻ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. പാട്ടൊക്കെ ഹിറ്റായി.
ഇന്നും അത് കാണുമ്പോൾ ഓരോ ഷോട്ടിലും എനിക്ക് അബിക്കയെ കാണാം. നിങ്ങൾക്കും ഇനി അത് കാണുമ്പോൾ അദ്ദേഹത്തെ അതിൽ കാണാനാകും. ഓരോ ഷോട്ടിലും. ഒരാളെ കാണാനുള്ള മനസ്സുണ്ടായാൽ മതി നമുക്ക്. പക്ഷെ, ആ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനായാൽ ഏറ്റവും നല്ലതെന്നും ശരത് ഹരിദാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments