തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റ് ഉള്‍ക്കടലിലെ സ്ഥിതി അതിഭീകരമെന്നു രക്ഷപെട്ട മത്സ്യത്തൊഴിലാളികളായ മുത്തപ്പന്‍, ശെല്‍വന്‍ എന്നിവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കന്യാകുമാരിയില്‍ നിന്നുള്ള ബോട്ടുകാരാണ് തങ്ങളെ കൊല്ലം തീരത്തെത്തിച്ചത്. മറ്റുള്ളവരേക്കുറിച്ച് ഒന്നുമറിയില്ലെന്നും കനത്ത കാറ്റും മഴയുമാണെന്നും അവര്‍ പറഞ്ഞു.
അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായും കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. കൂടാതെ കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതയും രക്ഷപ്പെട്ടവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍തന്നെയാണ് കാണാതായ പലരെയും രക്ഷപെടുത്തിയത്. അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധം തുടങ്ങിയതായാണ് വിവരം.
വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളുമാണ് കാണാതായത്. പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments