ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്ര കായികവേദി സംഘടിപ്പിച്ചു വരുന്ന സഫിയ അജിത് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റിലെ ആവേശം നിറഞ്ഞ സെമി ഫൈനൽ മത്സരങ്ങളില്‍ വിജയിച്ച് അലാദ് ജുബൈല്‍, കാസ്ക് ദമ്മാം എന്നീ ടീമുകള്‍ ഫൈനലില്‍ കടന്നു.
ദമ്മാമിലെ അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ നടന്ന ആദ്യസെമിയില്‍ അലാദ് ജുബൈല്‍ ടീം കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ അറബ്‌കോ റിയാദ് ടീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ സെമിയില്‍ കാസ്ക് ദമ്മാം ടീം, കഴിഞ്ഞ വർഷത്തെ റണ്ണർഅപ്പ് ആയ സ്റ്റാർസ് റിയാദ് ടീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
ജയപരാജയങ്ങള്‍ മാറി മറിഞ്ഞ, തുല്യശക്തികള്‍ തമ്മില്‍ നടന്ന, ആവേശം നിറഞ്ഞ രണ്ടു മത്സരങ്ങളും അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ തടിച്ചു കൂടിയ നൂറുകണക്കിന് കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു മത്സരരാവ് സമ്മാനിച്ചു. ശക്തിയേറിയ സ്മാഷുകളും, മികച്ച ബ്ലോക്കുകളും, നീണ്ട വോളികളും വഴി ഓരോ ടീമും മത്സരിച്ചു കളിച്ചപ്പോള്‍, മികച്ച പ്രൊഫെഷണല്‍ വോളിബാള്‍ മത്സരത്തിന് കിഴക്കന്‍ പ്രവിശ്യ സാക്ഷിയായി.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പല പ്രമുഖരു൦ മത്സരം വീക്ഷിയ്ക്കാൻ എത്തിയിരുന്നു. മത്സരത്തിന് മുൻപ് ഗ്രൗണ്ടിൽ അണിനിരന്ന ടീമംഗങ്ങളെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂചെടിയല്‍, പ്രസിഡന്റ് ബെന്‍സി മോഹന്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ട്രെഷറര്‍ സാജന്‍ കണിയാപുരം, കായികവേദി കൺവീനർ റെജി സാമുവൽ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, കുടുംബവേദി കൺവീനർ ദാസൻ രാഘവൻ എന്നിവർ പരിചയപ്പെട്ടു. സക്കീർ ഹുസൈൻ ആയിരുന്നു കളിയുടെ മുഖ്യറഫറി.
നവയുഗം കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ നൂറനാട്, ബിജു വർക്കി, ഗോപകുമാര്‍, സനു മഠത്തിൽ, മിനി ഷാജി, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, സന്തോഷ് ചങ്ങോലിക്കല്‍, തോമസ് സക്കറിയ, ജയന്‍ പിഷാരടി, ഷറഫുദ്ദീന്‍, നിസാമുദ്ദീൻ, തമ്പാന്‍ നടരാജന്‍, നിതിന്‍, ജോജി ജോണ്‍, അസീസ്, സഹീര്ഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും, സമാപന ചടങ്ങുകളും ഡിസംബർ 1 വെള്ളിയാഴ്ച, അൽ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാൾ കോർട്ടിൽ, രാത്രി 8.30 മുതല്‍ ആരംഭിക്കും.
കിഴക്കന്‍ പ്രവശ്യിലെ സാമൂഹിക സംസ്കരിക രംഗത്തെ പ്രമുഖര്‍, വിവിധ പ്രവാസി സംഘടന നേതാക്കന്മാര്‍ , വിദ്യാഭാസ രംഗത്തെ പ്രമുഖ വ്യെക്തിത്വങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ , കായിക മേഘലയില്‍ പ്രശസ്തരായ വ്യെക്തികള്‍, ബിസിനെസ് സംരംഭകര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കപ്പെടും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് സഫിയ അജിത് മെമ്മോറിയല്‍ ട്രോഫിയും, ദാര്‍ അസ്സിഹ ഡിസ്പന്സറി നല്‍കുന്ന 4000 റിയാലും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് റണ്ണർഅപ്പ് ട്രോഫിയും, ബി.പി.എൽ കാർഗോ നൽകുന്ന 2000 റിയാലും, കൂടാതെ ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് സ്മാഷർ, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ഡിഫൻഡർ എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനങ്ങളും നൽകും.
Post Your Comments