ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി. ചൈനയാണ് വടക്കൻ അരുണാചൽ പ്രദേശിന്റെ ജീവനാഡിയായ ഈ നദിയിലെ ജലം ഉപയോഗശൂന്യമായതിനു പിന്നിലെന്ന് ആരോപണം ശക്തമാണ്. നദിയിലെ ജലം മലിനപ്പെടുത്തിയത് 1000 കിലോമീറ്ററോളം നീളത്തിൽ തുരങ്കം നിർമിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാൻ ചൈന നടത്തുന്ന ശ്രമങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്നുള്ള കോൺഗ്രസ് എംപി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
സാധാരണഗതിയിൽ നദിയിലെ ജലം നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കണ്ണീർപോലെ തെളിഞ്ഞതാകും. കത്തിൽ എന്നാൽ ഈ സമയത്ത് സിയാങ് നദിയിലെ ജലം ഇത്തരത്തിൽ മലിനപ്പെടാൻ മറ്റു കാരണങ്ങളൊന്നും കാണുന്നില്ലെന്ന് എറിങ് ചൂണ്ടിക്കാട്ടി. നദിയിലെ ജലം കലങ്ങിയതിലൂടെ ചൈനയുടെ ഭാഗത്ത് വൻതോതിലുള്ള ഖനന പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിബറ്റിലൂടെ 1600 കിലോമീറ്റർ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ തുടക്കഭാഗത്തെവിടെയോ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ മൂലമാണ് ജലം മലിനമായതെന്നാണ് ആരോപണം. ലോഹിത്, ദിബാങ് നദികളുമായി ചേർന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്.
ഇതു ചൈന നിഷേധിച്ചെങ്കിലും നദിയുടെ ഇപ്പോഴത്തെ അവസ്ഥ ഈ സംശയം ബലപ്പെടുത്തുന്നു. കേന്ദ്ര ജല കമ്മിഷൻ മലിനമായ നദീജലത്തിന്റെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. രണ്ടുമാസം മുൻപു മുതൽ സിയാങ് നദിയിലെ ജലത്തിൽ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വൻ തോതിൽ കാണപ്പെടുന്നുണ്ട്.
Post Your Comments