ശ്വാസ തടസം നേരിട്ട യുവതിയുടെ രോഗം പരിഹരിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. സംഭവം നടന്നത് അബുദാബിയിലാണ്. ദീര്‍ഘ കാലമായി ശ്വാസ തടസം നേരിട്ട യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം ആസ്തമയാണ് പ്രശ്‌നമെന്നു വിലയിരുത്തി. പിന്നീട് അബുദാബിയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് സംഭവത്തിനു പിന്നിലെ കാരണം കണ്ടെത്തിയത്. ഒരു മീന്‍ മുള്ളാണ് പ്രശ്‌നം സൃഷ്ടിച്ചിരുന്നത്.
അനേകം ആശുപത്രികളില്‍ നിരവധി സന്ദര്‍ശനം നടത്തിയ ശേഷമാണ് യുവതി ക്ലീവ്‌ലാന്റ് ക്ലിനിക്കില്‍ എത്തിയത്. രോഗിയുടെ രോഗലക്ഷണങ്ങള്‍ ആസ്തമയ്ക്കു സമാനമായിരുന്നു. പക്ഷേ ആസ്തമയ്ക്കുള്ള ചികിത്സ രോഗിയുടെ അവസ്ഥ കൂടുതല്‍ വഷളാക്കി. ഇതിന്റെ കാരണം തങ്ങള്‍ക്കു ദൂരുഹമായിരുന്നവെന്നു ക്ലീവ്‌ലാന്റ് ക്ലിനിക്ക് അബുദാബിയിലെ പള്‍മോണോളജിസ്റ്റ് ഡോ. അലി വഹ്ലാ പറഞ്ഞു.
ചില സമയങ്ങള്‍ രോഗിക്ക് ഉറങ്ങാന്‍ പറ്റാത്ത രീതിയിലുള്ള സാഹചര്യമുണ്ടായി. ഈ സാഹചര്യത്തില്‍ മറ്റ് ആശുപത്രികളില്‍ നിന്നുള്ള രോഗനിര്‍ണയം സ്വീകരിക്കുന്നതിനു പകരം, ഞങ്ങള്‍ സമഗ്രമായ പരിശോധന നടത്തി. നെഞ്ചിന്റെ സിടി സ്‌കാന്‍ ചെയ്യുമ്പോള്‍ രോഗത്തിന്റെ കാരണം ബോധ്യമായി . രോഗിയുടെ ശ്വാസകോശത്തില്‍ ഒരു മൂര്‍ച്ചയില്ലാത്ത, ചെറിയ ഒരു വസ്തു കാണപ്പെട്ടു. ഡോക്ടര്‍മാര്‍ ആദ്യം കരുതിയത് ഒരു ടൂത്ത്പിക്ക് ആയിരക്കുമെന്നാണ് വഹ്ലാ പറഞ്ഞു.
ഇതിനെ തുടര്‍ന്ന ശ്വാസകോശത്തിലെ വസ്തുവിന്റെ കൃത്യമായ സ്ഥാനം നിര്‍ണയിക്കാനായി ബ്രോങ്കോസ്‌കോപ്പി നടത്തി. മൂന്നു മാസമായി ശ്വാസകോശത്തില്‍ മീന്‍ മുള്ള് ഉണ്ടായിരുന്നതായി ആ പരിശോധനയില്‍ വ്യക്തമായി.
പിന്നീട് മീന്‍ മുള്ള് നീക്കം ചെയ്യാനായി വീണ്ടും സൂക്ഷമായ ബ്രോങ്കോസ്‌കോപ്പി നടത്തി. ശ്വാസകോശത്തില്‍ നിന്നും മുള്ള് നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയ സങ്കീര്‍ണ്ണവും ഉയര്‍ന്ന അപകടസാധ്യതയുമുണ്ട്, കാരണം രക്തസ്രാവവും ശ്വാസതടസവും പോലെയുള്ള പ്രശ്‌നം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്നു ഡോ. വഹ്ലാ വ്യക്തമാക്കി. മീന്‍ മുള്ള് നീക്കം ചെയ്തതോടെ അണുബാധ തടയുന്നതിനുളള ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടുണ്ട്.
Post Your Comments