ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന ടണല്‍ നിര്‍മ്മാണം ആരംഭിച്ചതായി സൂചന. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.പി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഒരുപാട് മലിനമായ നദി ഇപ്പോള്‍ കറുത്ത നിറത്തിലാണ് ഒഴുകുന്നതെന്നും നദിയില്‍ നിന്നും മത്സ്യങ്ങളുള്‍പ്പെടുന്ന ജീവജാലങ്ങള്‍ അപ്രതീക്ഷമായെന്നും കത്തില്‍ പറയുന്നു.
ഒരുതരത്തിലും ബ്രഹ്മപുത്ര ഇത്രമാത്രം മലിനപ്പെടില്ലെന്നും ഇതിനു കാരണം ചൈനയുടെ ഭാഗത്തു നിന്നുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും എറിങ് ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കണമെന്നും നടപടിയെടുക്കണമെന്നും എറിങ് കത്തില്‍ ആവശ്യപ്പെട്ടു.
പ്രദേശവാസികളുടെ ഓര്‍മയില്‍ ഒരിക്കല്‍ പോലും ഇതേപോലെ സിയാങ് നദി ഇത്രമാത്രം മലിനപ്പെട്ടിട്ടില്ല. അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്രയെ സിയാങ് എന്നാണ് വിളിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ചൈന രാജ്യങ്ങളുടെ പൊതുമുതലാണ് നദി. അതുകൊണ്ട് തന്നെ ചൈന അവരുടെ ഭാഗത്തുള്ള നദിയില്‍ എന്തൊക്കെയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും കത്തില്‍ പറയുന്നു.
നദിയെ വഴിതിരിച്ച് വിടാനായി ചൈന തുരങ്കം നിര്‍മിക്കാന്‍ പദ്ധതിയിടുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ജലമെത്തിക്കുന്നതിനായായി 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണ് നിര്‍മിക്കുകയെന്നാണ് പുറത്തുവന്നിരുന്ന വിവരങ്ങള്‍. എന്നാല്‍ അത്തരത്തില്‍ ഒരു തുരങ്ക നിര്‍മ്മാണം അജണ്ടയിലില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
Post Your Comments