കെ വി എസ് ഹരിദാസ് :
രാജ്യം ഉറ്റുനോക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടം ഇന്ന് , തിങ്കളാഴ്ച, ആരംഭിക്കുകയാണ് . ഗുജറാത്താണ് സംസ്ഥാനം എന്ന് ഏറെക്കുറെ എല്ലാവരും മനസിലാക്കുന്നുണ്ടാവണം. പ്രധാന ഘട്ടം എന്ന് പറയാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി അവിടത്തെ തന്റെ പ്രചാരണം ഇന്നാണ് തുടങ്ങുന്നത്. ഗുജറാത്തും മോദിയും തമ്മിലെ ബന്ധവും അടുപ്പവും അറിയാവുന്നവരെ ഈ പ്രചാരണ സമ്മേളനങ്ങൾ ഉണ്ടാക്കാൻ പോകുന്ന അലയടികളെക്കുറിച്ച് പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ടതില്ല. മോദിയുടെ സന്ദർശനവും അദ്ദേഹത്തിന്റെ റാലികളും ഗുജറാത്ത് എവിടേക്ക് നീങ്ങുന്നു എന്നതല്ല മറിച്ച് കോൺഗ്രസ് അവിടെ ഏതവസ്ഥയിലേക്ക് തള്ളിനീക്കപ്പെടും എന്ന് തീരുമാനിക്കപ്പെടുക.
ഇത് എന്റെ ഒരു സ്വന്തം വിലയിരുത്തലലല്ല, രാഷ്ട്രീയ നിരീക്ഷകർ പൊതുവെ പുലർത്തുന്ന നിലപാടാണ്. ദേശീയ രാഷ്ട്രീയത്തിൽ ഒരു തിരിച്ചുവരവിനായി പടപൊരുതുന്ന രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ കക്ഷിക്കും ഗുജറാത്ത് നിർണ്ണായകമാണ് എന്ന് പറയേണ്ടതില്ലല്ലോ. അവിടെ ദയനീയമായി തോറ്റാൽ അത് ബാധിക്കുക കോൺഗ്രസിന്റെ ഭാവിയെമാത്രമല്ല രാഹുലിന്റെ രാഷ്ട്രീയ നിലനില്പിനെപ്പോലുമാണ്. അതുകണക്കിലെടുത്തവണം മറ്റൊരിക്കലും കാണാത്തവധം ഗുജറാത്തിൽ തന്നെ രാഹുൽ കേന്ദ്രീകരിക്കുന്നത്. പക്ഷെ, സൂചനകൾ അദ്ദേഹത്തിനും പാർട്ടിക്കും നിരാശയാണ് നൽകുന്നത് എന്നത് ആദ്യമേ പറയട്ടെ. ഇന്നലെ പോലും പാർട്ടി വക്താവ് അടക്കം നാലായിരത്തോളം പേരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
സീറ്റ് വിതരണമാണ് പ്രശ്നം. സ്വതവേ ദുർബലമായ പാർട്ടിക്ക് താങ്ങാനാവുന്നതിനുമപ്പുറമാണ് സംഘടനാ പ്രശ്നങ്ങൾ. ഞാൻ ഇവിടെ ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത് രണ്ടാണ്. ഒന്ന്: ഗുജറാത്ത് എങ്ങിനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവലോകനം. രണ്ട് : എന്തുകൊണ്ടാണ് ഗുജറാത്ത് അങ്ങിനെ ചിന്തിക്കാൻ തയ്യാറാവുന്നത് എന്നതിനുള്ള കാര്യകാരണങ്ങൾ. അഭിപ്രായ ഭിന്നതകൾ ഉണ്ടാവാം. പക്ഷെ ഞാൻ മുന്നോട്ട് വെക്കുന്ന കാര്യങ്ങളിലെ ന്യായാന്യായങ്ങൾ വിലയിരുത്താൻ ഓരോരുത്തരും തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നു.
ഗുജറാത്തിലെ ബിജെപിയുടെ വോട്ട് വിഹിതം 2012 -ൽ 47. 85 ശതമാനമായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അതായത് 2014 -ൽ അത് ഏതാണ്ട് 60 ശതമാനത്തിന് മേലിലും. അതായത് ഇന്നിപ്പോൾ ബിജെപിക്കുള്ളത്, ഏറ്റവുമൊടുവിലത്തെ തിരഞ്ഞെടുപ്പിൽ ലഭിച്ച, 60 ശതമാനത്തിന് മുകളിലുള്ള വോട്ടാണ്. അത് മറികടക്കുക എന്നത് ചിന്തിക്കാനാവാത്ത അവസ്ഥയാണ് എന്നത് ഏത് രാഷ്ട്രീയവിദ്യാർഥിയും സമ്മതിക്കും. ഇത്തരമൊരു രാഷ്ട്രീയസ്ഥിതിയിൽ കോൺഗ്രസിന് ഗുജറാത്തിൽ ജയിക്കണമെങ്കിൽ ബിജെപിയിൽനിന്ന് ചുരുങ്ങിയത് 12 ശതമാനം വോട്ടെങ്കിലും പിടിച്ചുവാങ്ങണം.
അതുമുഴുവൻ കോൺഗ്രസിന് മാത്രം ലഭിക്കണം; മറ്റൊന്ന് കോൺഗ്രസിന് 2014- ലുണ്ടായിരുന്ന വോട്ട് അതേപടി നിലനിർത്താൻ കഴിയണം. ഇത് സാധ്യമാണോ? കുറെ കോൺഗ്രസുകാർ, രാഹുൽ ഭക്തന്മാർ, അങ്ങിനെ പറഞ്ഞുനടക്കുന്നുണ്ട് . പക്ഷെ സാമാന്യ ബുദ്ധിയുള്ളവർ അത് വിശ്വസിക്കുന്നില്ല. ബിജെപിക്ക് എന്തൊക്കെ എതിരാണ് എന്ന് പറഞ്ഞാലും, 22 വര്ഷം ഭരിച്ചവരാണ് എങ്കിലും,മോഡി ഇന്ന് മുഖ്യമന്ത്രിയല്ല എങ്കിലും, ഇത്രയേറെ തകർച്ച അവിടെ ബിജെപിക്ക് സംഭവിച്ചു എന്ന് പറയാനാവില്ലതന്നെ. എന്താണ് അതിൽ നിന്നും ഊഹിക്കേണ്ടത്. മനസിലാക്കേണ്ടത്. ഒരു കാരണവശാലും ബിജെപി ഗുജറാത്തിൽ പരാജയപ്പെടാൻ പോകുന്നില്ല.
ശരിയാണ് ഭരണവിരുദ്ധ വികാരം ഒരുപക്ഷെ ബിജെപിക്ക് പ്രതികൂലമാണ് എന്ന് പറയാമെന്ന് കരുതുക. 22 വർഷമായി ഭരിക്കുന്നവർക്ക് സ്വാഭാവികമായും അതൊക്കെ സംഭവിക്കാം. പക്ഷെ അതിന്റെ ഒരു സൂചനയും ഗുജറാത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഒരു തിരഞ്ഞെടുപ്പിലും അത് കാണാനായിട്ടില്ല. അടുത്തിടെ പോലും നടന്ന പ്രീ പോൾ സർവേകൾ കാണിക്കുന്നത് ബിജെപിക്ക് 122 -130 സീറ്റുകൾ കിട്ടുമെന്നാണ്. പട്ടേൽ സമരം, ഹാർദിക് പട്ടേലിന്റെയും അൽപേഷ് താക്കൂറിന്റെയും നിലപാടുകൾ എന്നിവയൊക്കെ പരിഗണിച്ചശേഷമുള്ള സർവേകളാണിത് . രാഹുൽ ഗാന്ധി ഗുജറാത്തിൽ ഇളക്കിമറിച്ചു എന്ന് കോൺഗ്രസ് അവകാശപ്പെട്ടതിന് ശേഷമുള്ള സർവേയാണിത്. മറ്റൊരർഥത്തിൽ രാഹുൽ തന്റെ ആവനാഴിയിലെ അമ്പെല്ലാം പ്രയോഗിച്ചശേഷമുള്ള ജനാഭിപ്രായമാണിത്.
ബിജെപി ഇത്തവണ എന്നത്തേയും പോലെ ഓരോ മണ്ഡലത്തെയും സൂക്ഷമമായി വിശകലനം ചെയ്തിട്ടുണ്ട്; അതിന്റെ സ്ഥാനാർഥി നിർണ്ണയം നടത്തിയത്. ബിജെപിയുടെ ജയമാണ് പരാമമുഖ്യം. അതിനൊപ്പം ജയിക്കനാവശ്യമായ മറ്റ് കാര്യങ്ങളും ബിജെപി ചെയ്തിട്ടുണ്ട്. ചില സ്ഥാനാർഥികളുടെ രംഗപ്രവേശം ശ്രദ്ധിച്ചാൽ അത് ബോധ്യമാവും. സ്വതന്ത്രർ, മറ്റു പാർട്ടിക്കാർ എന്നിവരുടെ സ്ഥാനാർഥികൾ എന്താണ് എവിടെയാണ് മത്സരിക്കുന്നത് എന്നത് ജയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുമല്ലോ. അതൊക്കെ ബിജെപി കണക്കിലെടുത്തിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ ബിജെപിക്ക് കടുത്ത മത്സരമുണ്ടാവാം. പക്ഷെ അവിടെ കാര്യങ്ങൾ എളുപ്പമാക്കുന്നത് ഒരു പക്ഷെ കോൺഗ്രസിനൊപ്പം നിന്നവർതന്നെയാവും.
വിമതർ, സ്വതന്ത്രർ, സമാജ്‌വാദി- ബിഎസ്‍പി- എൻസിപി പോലുള്ള സ്ഥാനാർഥികൾ. ഇതൊന്നും കോൺഗ്രസിന് മനസിലാവില്ല. അവർക്കിതൊന്നും ചിന്തിക്കാനാവില്ല; അതിനുതക്ക സംഘടനാ നേതൃത്വമോ ബോധമുള്ള നേതാക്കളോ ഇല്ല. അല്ലെങ്കിൽ നൂറോളം സീറ്റിൽ ബിഎസ്‌പി മത്സരിക്കുമോ?. അല്ലെങ്കിൽ അത്രതന്നെ സീറ്റിൽ സമാജ്‌വാദി പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാവുമോ?. അല്ലെങ്കിൽ എൻ സി പിയെ മുന്നണിയിൽ കോൺഗ്രസ് ഉൾക്കൊള്ളുമായിരുന്നില്ലേ?. ഗുജറാത്തിൽ മായാവതിയുടെ കക്ഷിക്ക് കഴിഞ്ഞതവണ ലഭിച്ചത് ഏതാണ്ട് ഒരു ശതമാനം വോട്ടാണ്. അത് നിസാരമല്ല തന്നെ, കോൺഗ്രസിന്. പക്ഷെ അത്തരമൊരു ബിജെപി വിരുദ്ധ മുന്നണി അവിടെ ഉണ്ടായില്ല. അവിടെയാണ് കോൺഗ്രസിന്റെ പരാജയത്തിന്റെ ആരംഭം. കോൺഗ്രസിനൊപ്പമുള്ള പട്ടേലന്മാർ വിജയം സമ്മാനിക്കുമെന്ന് കരുതുന്നത് കടന്ന കൈ തന്നെയാണ്.
ഇനി പട്ടേലന്മാരെക്കുറിച്ചു ഒന്ന് നോക്കാം. നോർത്ത് ഗുജറാത്ത് , സൗരാഷ്ട്ര മേഖലകളാണ് പട്ടിദാ ർ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നത് . നോർത്ത് ഗുജറാത്തിലെ 6 ജില്ലകളിലായി 32 മണ്ഡലങ്ങളാണുള്ളത് ; സൗരാഷ്ട്രയിലെ 11 ജില്ലകളിലായി 49 മണ്ഡലങ്ങളാണുള്ളത് . അങ്ങിനെ കോൺഗ്രസ് ഇപ്പോൾ ലക്ഷ്യമിടുന്നത് പട്ടേലന്മാരുടെ കേന്ദ്രങ്ങളിലെ 81 സീറ്റുകൾ. വടക്കൻ ഗുജറാത്തിലും, സൗരാഷ്ട്രയിലും കോൺഗ്രസ് അവരുടെ മഴവിൽ സഖ്യത്തിലൂടെ നേട്ടം കൊയ്യുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അപ്പോഴും മധ്യ ഗുജറാത്തിലും, തെക്കൻ ഗുജറാത്തിലും, കച്ചിലും ശക്തമായ ശക്തമായ സാന്നിധ്യമാണ് ബിജെപിക്കുള്ളത് എന്നത് മറന്നുകൂടാ. ആ ശക്തിയിലൂടെ പട്ടേൽ ഭീഷണിയെ മറികടക്കാൻ കഴിയുമെന്ന് ബിജെപി കരുതുന്നു.
ഇവിടെത്തന്നെ നാം കാണാതെ പൊയ്ക്കൂടാത്ത ചില കാര്യങ്ങളുണ്ട് . അത് പട്ടേലർക്കിടയിലെ കടുത്ത ഭിന്നതയും അവരിൽ ഒരുവിഭാഗം ബിജെപിയോട് പുലർത്തുന്ന അടുപ്പവുമാണ്. സൗരാഷ്ട്രയിൽ പട്ടേൽ വിഭാഗത്തിലെ ലിയുവ പട്ടേൽ വിഭാഗവും കാട്വ വിഭാഗവും പ്പത്തിനൊപ്പമാണ്. ഇതിൽ കട്വ വിഭാഗത്തിൽ പെടുന്നയാളാണ് ഹർദിക്. ലിയുവക്കാർ ഹാർദ്ദിക്കിനെ തീരെ പിന്തുണക്കുന്നില്ല. ഹാർദിക് പട്ടേലിന്റെ കട്വ വിഭാഗത്തിൽത്തന്നെ തന്നെ ഇപ്പോൾ പഴയ ഒരു ഉത്സാഹവൂമില്ല. എങ്കിലും കർഷക മേഖലയായ നോർത്ത് ഗുജറാത്തിൽ ബിജെപിക്ക് ചില സിറ്റിംഗ് സീറ്റുകൾ നഷ്ട്പ്പെടാം.
15 സിറ്റിംഗ് സീറ്റുകളിൽ തങ്ങൾക്ക് വിഭിന്നങ്ങളായ പ്രശ്നങ്ങളുണ്ട് എന്നത് ബിജെപിക്കറിയാം. ചില മണ്ഡലങ്ങളിൽ ബിജെപിക്ക് വിമതശല്യമുണ്ട് എന്നതും കാണാതെ പൊയ്‌ക്കൂടാ. എന്നാൽ അത് കാര്യമായി ബാധിക്കില്ല എന്നതാണ് ബിജെപി നേതാക്കൾ പറയുന്നത്. പക്ഷെ ചെറിയ ഭൂരിപക്ഷത്തിൽ കഴിഞ്ഞതവണ ജയിച്ച ചിലമണ്ഡലങ്ങളിൽ അത് ബാധിച്ചുകൂടായ്കയുമില്ല. അതേസമയം 20-ലേറെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസും പരാജയഭീതിയിലാണ് . അവിടെയും ബിജെപി ക്ക് നേട്ടമേയുണ്ടാവൂ. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവർത്തൻ പാർട്ടി കാരണം ബിജെപി ക്ക് 11 സീറ്റുകൾ നഷ്ടപ്പെട്ടിരുന്നു; അവർ 2 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. ഈ സീറ്റുകളാണ് ബിജെപി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഇതുപോലെ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിന് കടന്നുകൂടിയ 10 മണ്ഡലങ്ങൾ വേറെയുമുണ്ട് ; ഇവിടങ്ങളിൽ ബിജെപി ഇത്തവണ അതിശക്തമായ വീടുവീടാന്തരമുള്ള പ്രചാരണം നടത്തുന്നുണ്ട്.
‘പേജ് പ്രമുഖ് ‘ മാരുടെ പ്രവർത്തനമാണ് എടുത്തുപറയേണ്ടത് ; ഒരു പ്രവർത്തകൻ 50-60 വോട്ടർമാരെ വീതം കാണുന്ന രീതി. അവരെ രാഷ്ട്രീയസ്ഥിതിഗതികൾ പറഞ്ഞു ബോധ്യപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുകയെന്നതാണ് ഇവരുടെ ഡ്യൂട്ടി. അത് ഫലം കാണുമെന്ന് ബിജെപി കരുതുന്നു. സംഘടനാശേഷിക്കുറവാണ് കോണ്ഗ്രസിനെ തലർത്തുന്നത്. അതിനു പോരാത്തതിന് പണത്തിന്റെ കുറവും കോൺഗ്രസിനെ അലട്ടുന്നുണ്ട്. രാഹുൽ ഗാന്ധി എന്തൊക്കെയാണ് എന്ന പ്രതീതി ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷെ അടിത്തട്ടിൽ അത് ഏറ്റിട്ടില്ല. ഇനിയാവട്ടെ അത് ജനങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസിനാവുകയുമില്ല. കാരണം ഇനി ശ്രദ്ധകേന്ദ്രമാവുക നരേന്ദ്രമോദിയും മറ്റും നയിക്കുന്ന പ്രചാരണ പരിപാടികൾ തന്നെയാവും.
മോഡി ഇന്ന് ഗുജറാത്തിലെത്തുമെന്ന് സൂചിപ്പിച്ചുവല്ലോ. ഗുജറാത്തി അഭിമാനം ഉയർത്തിപ്പിടിക്കാനാവും മോഡി ശ്രമിക്കുക എന്നാണ് വിലയിരുത്തൽ. ഗുജറാത്തിന്റെ അഭിമാനം എന്ന മുദ്രാവാക്യമുയരുമ്പോൾ രാഹുലിനും മറ്റും മറുപടിയുണ്ടാവില്ല എന്നതാണ് പൊതുവായ വിലയിരുത്തൽ. രാഹുലിന്റെ പാർട്ടിക്ക് പകരം വെക്കാൻ ഒരു മുതിർന്ന നേതാവ് ഗുജറാത്തിലില്ല താനും. എത്ര റാലികളിൽ മോഡി പങ്കെടുക്കും എന്നത് വ്യക്തമല്ല. ആദ്യ ഷെഡ്യൂൾ പ്രകാരം ദിവസത്തിൽ നാല് റാലികളിൽ അദ്ദേഹം പ്രസംഗിക്കും; രണ്ട് ദിവസത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്.
എട്ട് റാലികൾ. അടുത്തദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ബിജെപി പുറത്തുവിടും. ഇന്ത്യയിൽ നടന്ന ഓരോ തിരഞ്ഞെടുപ്പിലും മോദിയുടെ പ്രചാരണം ഏതാണ്ട് മൂന്ന് -നാല് വരെ ശതമാനം വോട്ട് ബിജെപിയിലേക്ക് തിരിച്ചിട്ടുണ്ട് എന്നതാണ് പഠനങ്ങൾ കാണിക്കുന്നത്. അതുമതി ബിജെപിയുടെ സീറ്റിന്റെ എണ്ണം 135 ന് മുകളിലേക്ക് എത്തിക്കാൻ. മോഡി എങ്ങിനെയാണ് തുടങ്ങുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അമിത്‌ഷാ,യോഗി ആദിത്യനാഥ് തുടങ്ങിയവരും മറ്റ് മേഖലകളിൽ റാലികളിൽ പങ്കെടുക്കും.
Post Your Comments