Latest NewsCinemaNewsIndia

മോഷണത്തിന് പ്രചോദനമായത് ഹൃത്വിക് റോഷന്‍ : യുവാക്കള്‍ പിടിയില്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെയും ധൂം 2 ചിത്രത്തെയും അനുകരിച്ച് കോടിക്കണക്കിന് രൂപ വില വരുന്ന പഷ്മിന ഷാളുകള്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. ഡല്‍ഹിയിലെ നാഷണല്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് ആന്റ് ഹാന്‍ഡ്‌ലൂംസ് മ്യൂസിയത്തിലാണ് മോഷണം നടന്നത്. ഒക്ടോബര്‍ 29,30 ദിവസങ്ങളില്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. 31ാം തീയതി മ്യൂസിയം തുറന്നപ്പോഴാണ് ഷാളുകള്‍ കാണാനില്ലെന്നറിഞ്ഞത്. കശ്മീരില്‍ നിന്ന് കൊണ്ടുവന്ന ഈ ഷാളുകള്‍ രണ്ട് കോടി രൂപയിലധികം വിലമതിക്കുന്നതാണ്.

200-250 വര്‍ഷം വരെ പഴക്കമുള്ള ഷാളുകളാണിവ. വിനയ് പര്‍വാര്‍, തരുണ്‍ ഹര്‍വോദിയ, മൊഹമ്മദ് ആദില്‍ ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിയത്തില്‍ നിന്ന് 16 ഷാളുകള്‍ മോഷ്ടിച്ചത്. ആദില്‍ ഷെയ്ഖിനെ ഡല്‍ഹിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേര്‍ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. ഒക്ടോബര്‍ 31നാണ് മോഷണം നടന്നെന്ന പരാതി പൊലീസിന് ലഭിച്ചത്. ഗവേഷണ വിദ്യാര്‍ഥികളെന്ന വ്യാജേന ദിവസങ്ങളോളം മ്യൂസിയത്തിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ ശേഷമാണ് യുവാക്കള്‍ മോഷണം നടത്തിയത്. മ്യൂസിയത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായത് മോഷ്ടാക്കള്‍ക്ക് ഗുണകരമായി.

മോഷണശേഷം നടന്ന അന്വേഷണത്തിനിടെ ഗവേഷണ വിദ്യാര്‍ഥികളായി ഇവര്‍ ചുറ്റിത്തിരിഞ്ഞതില്‍ സംശയമുണ്ടെന്ന സെക്യൂരിറ്റി ഓഫീസറുടെ മൊഴിയാണ് പൊലീസിനെ ഇവരിലേക്കെത്തിച്ചത്. ധൂം 2 കണ്ടതില്‍ നിന്നുള്ള പ്രചോദനമാണ് മോഷണത്തിന് പിന്നിലെന്ന് മൂവരും പൊലീസിനോട് പറഞ്ഞു. മ്യൂസിയത്തില്‍ നിന്ന് വസ്തുക്കള്‍ മോഷ്ടിക്കുന്ന ചിത്രത്തിലെ ഹൃത്വിക് റോഷന്‍ കഥാപാത്രം തങ്ങള്‍ക്ക് പ്രചോദനമായെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച പൊലീസിന് പര്‍മാറും ഹര്‍വാദിയയും കൊല്‍ക്കത്തയിലുണ്ടെന്ന് മനസ്സിലായി. അവിടെയെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. 15 ഷാളുകള്‍ പര്‍മാറിന്റെ ഭാര്യവീട്ടില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഷെയ്ഖിനെ ഡല്‍ഹിയില്‍ നിന്നും പിടികൂടി. അയാളില്‍ നിന്ന് അവശേഷിച്ച ഒരു ഷാളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button