KeralaLatest NewsNews

സാമ്പത്തിക സംവരണം എന്ന മധുരോദാത്ത വാഗ്ദാനം മധുരം പുരട്ടിയ വിഷം : ബിജെപി സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ സന്ദീപ് എഴുതുന്നു

“ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടത്.” മുന്നാക്ക വിഭാഗങ്ങളിലെ പല യുവാക്കളും ആവേശത്തോടെ പറയുന്ന വാചകമാണിത്. സംവരണം എന്നത് ആരുടേയോ ഔദാര്യവും ചിലർക്ക് കിട്ടുന്ന അനർഹമായ സഹായമോ ആണെന്ന ധാരണയാണ് ഇതിന് പിന്നിൽ. ഒരു നിമിഷം ചിന്തിച്ചാൽ ഇത് ശരിയല്ലെന്ന് മനസ്സിലാകും. സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം മറികടക്കാൻ നൽകുന്ന സഹായ പരിപാടിയല്ലിത്. അതായത് സംവരണം എന്നത് ഒരു ദാരിദ്ര്യ നിര്‍മാര്‍ജന സാമ്പത്തിക പരിപാടി അല്ല എന്ന് ചുരുക്കം.

ഹിന്ദു സമൂഹത്തിൽ നിലനിന്ന അനാചാരം മൂലം സാമൂഹ്യമായും സാംസ്കാരികമായും സാമ്പത്തികമായും ബഹിഷ്കൃതരായ ഒരു കൂട്ടം ആൾക്കാരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് സംവരണത്തിനുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പൂർവ്വികർ ചെയ്ത തെറ്റിന് പിൻതലമുറക്കാർ നടത്തുന്ന പ്രായശ്ചിത്തം.

ജാതി സംവരണം കൊണ്ട് പട്ടികജാതി വിഭാഗങ്ങൾ അനര്‍ഹമായ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് ഇതിനെ എതിർക്കുന്നവർ വിശദീകരിക്കണം. സംവരണം ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയെന്നും ചിന്തിക്കണം. എല്ലാത്തിനുമുപരി ഹിന്ദു സമൂഹം രാജ്യത്ത് ഉണ്ടാകുമായിരുന്നോ എന്നും. ഹിന്ദുക്കൾ ഭൂരിപക്ഷമായ ഈ രാജ്യം സുരക്ഷിതമായി നിലനിൽക്കുന്നത് തന്നെ സംവരണം എന്ന സാമൂഹ്യ കടമയുടെ പേരിലാണ്. മതപരിവർത്തനം എന്ന വിപത്തിനെ അകറ്റി നിർത്തിയതും സംവരണം തന്നെയാണ്.

തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ളവര്‍ എന്നൊക്കെ ആട്ടിയകറ്റിയിട്ടും ജീവിതാവസാനം വരെ ഹിന്ദുവായി തുടര്‍ന്ന പിന്നാക്കക്കാരന്‍റെ സഹനത്തിന്‍റേയും ത്യാഗത്തിന്‍റേയും ഫലമാണ് ഇന്ന് കാണുന്ന ‘ഹിന്ദുസ്ഥാൻ.’ അപമാനത്തിന്‍റെയും അവഗണനയുടേയും പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടും ഈ നാടിനെ വഞ്ചിക്കാൻ തയ്യാറാകാത്തവരുടെ പിൻമുറക്കാർക്ക് അവർ അർഹിക്കുന്ന അത്രയും നാൾ സംവരണം നൽകണം. അത് ഓരോ ഹിന്ദുവിന്‍റെയും ഉത്തരവാദിത്തവും കടമയുമാണ്.

അതുകൊണ്ടാണ് ആർഎസ്എസ് സർസംഘ ചാലകൻമാരായ പരം പൂജനീയ ബാലസാഹിബ് ദേവറസ്ജിയും പരം പൂജനീയ മോഹന്‍ റാവു ഭഗതും സംവരണം തുടരണം എന്ന് ആവശ്യപ്പെട്ടത്. പിന്നാക്ക വിഭാഗം സാമൂഹ്യ സമത്വം എന്ന് കൈവരിക്കുന്നുവോ അന്നു വരെ സംവരണം തുടരണം എന്നതാണ് ആർഎസ്എസിന്‍റെ സുവ്യക്തമായ തീരുമാനം. അതിനാൽ സാമ്പത്തിക സംവരണം എന്ന മധുരോദാത്ത വാഗ്ദാനം മധുരം പുരട്ടിയ വിഷമാണെന്ന് തിരിച്ചറിയണം. അത് ഹിന്ദു സമൂഹത്തിൽ വിഭജനം പ്രോത്സാഹിപ്പിക്കുകയേയുള്ളൂ. അതിനായി കളം നിറഞ്ഞ് കളിക്കുന്നവരെ കരുതിയിരിക്കുക….
(ലേഖകന്‍ ബിജെപി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും മാതൃഭൂമി ചാനല്‍ മുന്‍ ലേഖകനുമാണ്. ബിജെപി സംസ്ഥാന മീഡിയാ കോഓഡിനേറ്ററുമാണ്)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button