അടിമാലി: ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം തട്ടിയെടുത്ത കേസില്‍ മുന്‍ വൈദീകനുൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ.ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍നിന്നായി 119 പേരില്‍ നിന്നായി ഒരു കോടിയിലധികമാണ് ഇവര്‍ തട്ടിച്ചെടുത്തത്.
മുന്‍ വൈദികന്‍ പറമ്ബില്‍ നോബി പോള്‍(41), അഷ്റഫ്(42), ബിജു കുര്യാക്കോസ്(44), ബിനു പോള്‍ (36), അരുണ്‍ സോമന്‍(34) എന്നിവരാണ് പിടിയിലായത്.സഭ പുറത്താക്കിയ മുന്‍ വൈദികന്‍ പറമ്പില്‍ നോബി പോള്‍ പുരോഹിത വേഷമണിഞ്ഞാണ് തട്ടിപ്പിന് ഇറങ്ങിയത്. തട്ടിപ്പിനിരയായ അടിമാലി, പാലക്കാട് സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍ നടന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണഫൈഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ശാഖ എന്നനിലയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. പിടിയിലായ ഫാ. നോബി പോളും അഷ്റഫുമാണ് ഓഫീസ് നിയന്ത്രിച്ചിരുന്നത്. സോഷ്യല്‍ മീഡിയാ വഴിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. ഉദ്യോഗാര്‍ഥികളെത്തുമ്പോള്‍ ഫാദര്‍ വൈദിക വേഷത്തില്‍ സമീപിച്ച് വിശ്വാസം പിടിച്ച് പറ്റും.
കാനഡ, മക്കാവു, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അക്സല്‍ അലയന്‍സ് എന്നപേരില്‍ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.പലരില്‍നിന്നായി 50,000 മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഇവര്‍ തട്ടിയത്. അങ്ങനെ ഒരു കോടിയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്.
Post Your Comments