ലഖ്‌നൗ: ബാബറി മസ്ജിദ്-രാമക്ഷേത്ര തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുതിയ സമവായനിര്‍ദേശം മുന്നോട്ടുവെച്ചു. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്‌നൗവില്‍ പള്ളിയും പണിയുന്നതിന് സര്‍ക്കാരും വിശ്വാസിസമൂഹവും മുന്‍കൈയെടുക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.
ഇക്കാര്യം അംഗീകരിക്കപ്പെട്ടാല്‍ തര്‍ക്കഭൂമിയിലുള്ള അവകാശവാദത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും ബോര്‍ഡ് അധ്യക്ഷന്‍ സയിദ് വസീം റിസ്വി വ്യക്തമാക്കി. സമവായനിര്‍ദേശം കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഖ്‌നൗവിലെ ഹുസൈന്‍ബാദില്‍ ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ വിട്ടുതരികയും പള്ളി പണിയാനാവശ്യമായ സഹായം ചെയ്യണമെന്നുമാണ് ഷിയാ സെന്‍ട്രല്‍ ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ വിവിധ പാര്‍ട്ടി പ്രതിനിധികളുമായും അയോധ്യയിലെ ഹിന്ദുമതനേതാക്കളുമായും ഷിയാ ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നിര്‍ദേശം തയ്യാറാക്കിയത് -റിസ്‌വി വ്യക്തമാക്കി.
അയോധ്യയിലോ ഫൈസാബാദിലോ പുതിയ പള്ളി ആവശ്യമില്ലെന്ന അഖാഢ പരിഷത്തിന്റെയും രാമജന്മഭൂമി ന്യാസിന്റെയും നിലപാടിനോട് തങ്ങള്‍ക്കും യോജിപ്പാണെന്ന് നേരത്തേ ഷിയ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞിരുന്നു. സുന്നിവിഭാഗത്തിനല്ല തങ്ങള്‍ക്കാണ് പള്ളിപണിയാനുള്ള അവകാശമെന്നാണ് അദ്ദേഹത്തിന്റെ വാദം. സുന്നിവിഭാഗം അയോധ്യയിലെ ഭൂമിതര്‍ക്കത്തില്‍ കോടതിയില്‍ നിയമപോരാട്ടം നടത്തി പരാജയപ്പെട്ടവരാണെന്നും അവരുടെ നിഷേധസമീപനം പ്രശ്‌നപരിഹാരം ഇല്ലാതാക്കുമെന്നും റിസ്വി വിമര്‍ശിച്ചു.
എന്നാല്‍, അയോധ്യയിലെ തര്‍ക്കത്തിലും നിയമനടപടികളിലും മുന്നില്‍നില്‍ക്കുന്ന മുസ്‌ലിം വിഭാഗം സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ്. വസീം റിസ്വിയുടെ ആശയങ്ങള്‍ക്ക് അവര്‍ നേരത്തേതന്നെ എതിരുമാണ്. അതിനാല്‍ ഷിയ ബോര്‍ഡ് ഇപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദേശം സുന്നി ബോര്‍ഡോ മുസ്‌ലിം വ്യക്തിനിയമബോര്‍ഡോ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവേ വിലയിരുത്തല്‍. സുപ്രീംകോടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കട്ടെ എന്നതാണ് സുന്നി ബോര്‍ഡിന്റെ നിലപാട്.
Post Your Comments