KeralaLatest NewsNews

രാജ്യത്തെ 10 റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു

കൊച്ചി: രാജ്യത്തെ 10 റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനൊരുങ്ങുന്നു. എറണാകുളം, ഡല്‍ഹി സരായ് രോഹില, ലക്നൗ, ഗോമതി നഗര്‍, കോട്ട, തിരുപ്പതി, നെല്ലൂര്‍, പുതുച്ചേരി, മഡ്ഗാവ്, താനെ എന്നിവയാണ് പദ്ധതിയിലുള്ള സ്റ്റേഷനുകള്‍. നിര്‍മാണ ജോലി ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷമാദ്യമോ ആരംഭിക്കും. എന്‍ ബി സി സി രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാണു ലക്ഷ്യമിടുന്നത്.

10 സ്റ്റേഷനുകള്‍ 5000 കോടി രൂപ മുതല്‍ മുടക്കിലാണു ഏജന്‍സി വികസിപ്പിക്കുക. ആധുനിക പ്ലാറ്റ്ഫോമുകള്‍, ലോഞ്ചുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വിമാനത്താവളത്തിലെ പോലെ പുറത്തേക്ക് ഇറങ്ങാനും അകത്തേക്കു കയറാനും പ്രത്യേക വഴികള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണു ഒരുക്കുക. അതേസമയം പൊതു-സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തില്‍ 400 റയില്‍വേ സ്റ്റേഷനുകള്‍ പുനരുദ്ധാരണം നടത്താനായി റയില്‍വേ തീരുമാനിച്ചിട്ടുണ്ട്. നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായി (എന്‍ ബി സി സി) ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയായാണു നടപടി.

2020 ആണ് ഇതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു കോഴിക്കോട് സ്റ്റേഷനാണ് റെയില്‍വേ സ്റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന്‍ വികസനം സ്വകാര്യ സംരംഭകരെ പങ്കെടുപ്പിച്ചു നടപ്പാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പദ്ധതി മുന്നോട്ടു പോയിട്ടില്ല. അതേസമയം മറ്റിടങ്ങളിലേക്കു കേന്ദ്ര ഏജന്‍സിയായ എന്‍ ബി സി സി നടപ്പാക്കുന്ന സ്റ്റേഷന്‍ വികസന മാതൃകയാകും വ്യാപിപ്പിക്കുക.

shortlink

Post Your Comments


Back to top button