കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നതിനുള്ള അപേക്ഷാപത്രം പ്രസിദ്ധീകരിച്ചു. 15 മുതല്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായാണ് നല്‍കേണ്ടത്.
കേരളത്തിലെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കൊച്ചിയെ നിലനിര്‍ത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇത്തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാനാകുക 70 വയസ്സ് കഴിഞ്ഞവര്‍ക്കും സഹായിക്കും മാത്രമാണ്. അഞ്ചാംവര്‍ഷക്കാര്‍ക്ക് സംവരണം നിര്‍ത്തിയതോടെ മറ്റുള്ളവരോടൊപ്പം നറുക്കെടുപ്പിലൂടെ മാത്രമാകും അവസരംലഭിക്കുക.
70 വയസ്സിന് മുകളിലുള്ളവരുടെ മുന്‍ഗണന ലഭിക്കുക 1947 നവംബര്‍ 15-ന് മുമ്പു ജനിച്ചവര്‍ക്കാണ്. മെഹ്റം 45 വയസ്സിന് മുകളിലുള്ള വനിതകള്‍ നാലുപേര്‍ ഒന്നിച്ച് ഹജ്ജിന് പോവുകയാണെങ്കില്‍ ആവശ്യമില്ല. മെഹ്റം നേരത്തേ എല്ലാ വനിതകള്‍ക്കും നിര്‍ബന്ധമായിരുന്നു.
2019 ഫെബ്രുവരി 14 വരെ കാലാവധിയുളള പാസ്പോര്‍ട്ട് ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ബന്ധമാണ്. അപേക്ഷാഫീസ് 300 രൂപയാണ്. എസ്.ബി.ഐയുടെയോ ഇന്ത്യന്‍ ബാങ്കിന്റെയോ ശാഖകളില്‍ നിര്‍ദിഷ്ട പേ ഇന്‍ സ്ലിപ് ഉപയോഗിച്ചാണ് ഫീസ് അടയ്ക്കേണ്ടത്.
ഹജ്ജ് നയത്തില്‍ എല്ലാവര്‍ക്കും അസീസിയയില്‍ മാത്രം താമസസൗകര്യമെന്നാണ് ശുപാര്‍ശയെങ്കിലും ഗ്രീന്‍ വിഭാഗത്തിലും അപേക്ഷിക്കാം. അസീസിയയില്‍ രണ്ടുലക്ഷവും ഗ്രീന്‍ വിഭാഗത്തില്‍ 2,34,000 രൂപയും ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments