Latest NewsNewsGulf

സൗദിയിലേയ്ക്ക് ഉറ്റുനോക്കി ലോകം ; യഥാര്‍ത്ഥ യുദ്ധം ഇറാനും സൗദിയും തമ്മിലാകുമോ എന്ന് ഭയന്ന് ലോകരാഷ്ട്രങ്ങള്‍

 

റിയാദ്: ലോക രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത വന്നതുമുതല്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീഷണിയിലാണ്. ഉത്തര കൊറിയയിലെ സ്വേഛാധിപതി കിം ജോങ് ഉന്നിന്റെ നീക്കങ്ങളാകും ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുകയെന്നാണ് അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍, യഥാര്‍ഥ ഭീഷണി പശ്ചിമേഷ്യയില്‍നിന്നാണെന്നാണ് പുതിയ വിലയിരുത്തല്‍. സൗദി അറേബ്യയുടെ നിലപാടാണ് ഈ വിലയിരുത്തലിന് ആധാരം.

സൗദിയില്‍ അഴിമതിക്കെതിരായ പോരാട്ടമെന്ന നിലയ്ക്ക് കഴിഞ്ഞയാഴ്ച നടന്ന നടപടികള്‍ അത്തരത്തിലൊരു സൂചനകൂടി തരുന്നുണ്ട്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഭരണത്തിലേറുന്നതിന് മുന്നോടിയായി നടത്തിയ ശക്തിപ്രകടനമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ സൗദിയിലേക്കുള്ള വരവും പ്രധാനമന്ത്രി പദത്തില്‍നിന്നുള്ള രാജി പ്രഖ്യാപനവും.

ഹരീരിയെക്കുറിച്ച് ഒരാഴ്ചയായി വിവരമൊന്നുമില്ല. ഹരീരിയെ സൗദി തടവിലാക്കിയിരിക്കുകയാണെന്ന് ലെബനന്‍ ആരോപിച്ചിട്ടുണ്ട്. ഹരീരിയെ തടവിലാക്കിയത് ലെബനനോടുള്ള യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്ന് ഹിസ്ബുള്ള നേതാവ് നസ്‌റള്ളയും പ്രഖ്യാപിച്ചു. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടതാണ് ഹരീരി സൗദിക്ക് അനനഭിമതനാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ലെബനനെ അസ്ഥിരപ്പെടുത്തുന്നത് ഇറാനാണെന്ന് ഹരീരി സൗദി ടെലിവിഷനിലൂടെ നടത്തിയ രാജി പ്രഖ്യാപനത്തില്‍ ആരോപിച്ചിരുന്നു.

ഇറാനെതിരെ ലോകരാജ്യങ്ങളെ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ഇറാന്‍ വിലയിരുത്തുന്നു. സൗദിയും ഇറാനുമായുള്ള ശത്രുത വര്‍ധിക്കുന്നതിനിടെ, ലെബനന്‍ സംഭവം സംഘര്‍ഷം മൂര്‍ഛിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. യെമനിനിലെ വിമതര്‍ക്കും ഇറാന്‍ പിന്തുണയുണ്ട്. ഹരീരി രാജി പ്രഖ്യാപിച്ച ദിവസം യെമനില്‍നിന്ന് റിയാദ് ലക്ഷ്യമിട്ടുവന്ന മിസൈല്‍ സൗദി മിസൈന്‍ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയിരുന്നു.

ഹിസ്ബുള്ളയെയും യെമനിലെ വിമതരെയും ഉപയോഗിച്ച് സൗദിക്കെതിരെ യുദ്ധം നടത്തുകയാണ് ഇറാനെന്ന് മുഹമ്മദ് രാജകുമാരന്‍ ആരോപിച്ചിരുന്നു. യെമനിലെ ഹൂതി വിമതരാണ് മിസൈല്‍ തൊടുത്തതെങ്കിലും അതിനവരെ കരുത്തരാക്കുന്നത് ഇറാനാണെന്നാണ് സൗദിയുടെ ആരോപണം. ഹിസ്ബുള്ളയ്ക്കും വിമതര്‍ക്കും ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നും സൗദി ഭരണകൂടം ആരോപിക്കുന്നു. പശ്ചിമേഷ്യയിലെ പ്രബലര്‍ തമ്മിലുള്ള തര്‍ക്കം മൂന്നാം ലോകയുദ്ധത്തെ കൊറിയന്‍ ഉള്‍ക്കടലില്‍നിന്നും പശ്ചിമേഷ്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്ന് ലോകം വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button