കൊൽക്കത്ത: ഇന്ത്യ–ബംഗ്ലദേശ് ബന്ധം ഊട്ടിയുറപ്പിക്കാൻ ‘ബന്ധൻ എക്സ്പ്രസ്’. കൊൽക്കത്തയിൽ നിന്നു ബംഗ്ലദേശിലെ വ്യവസായ നഗരമായ ഖുൽനയിലേക്കുള്ള പ്രതിവാര ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വിഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ഉദ്ഘാടനം നിർവഹിച്ചത്. സർവീസ് 16നു തുടങ്ങും. ഇത് 2008 മുതൽ സർവീസ് നടത്തുന്ന കൊൽക്കത്ത–ധാക്ക ‘മൈത്രി എക്സ്പ്രസി’നു പുറമേയാണ്.
റെയിൽ പദ്ധതികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതു വാണിജ്യ, വ്യവസായ, സംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കാൻ വഴിയൊരുക്കുമെന്നു ഷെയ്ഖ് ഹസീന ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ചിറ്റഗോങ്–ധാക്ക പാതയിലെ രണ്ടു റെയിൽവേ പാലങ്ങളും ഉദ്ഘാടനം ചെയ്തു. കൊൽക്കത്ത സ്റ്റേഷനിൽ ഇമിഗ്രേഷൻ നടപടികൾക്കു കൂടുതൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments