Latest NewsNewsIndia

കുട്ടികള്‍ക്ക് ആധാര്‍ എടുത്തിട്ടില്ലെങ്കില്‍ പെട്ടെന്ന് എടുക്കൂ ; ആപത്തില്‍പ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ രക്ഷയേകും

 

ബെംഗളൂരു: റെയില്‍വേ സ്റ്റേഷനില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ ആധാര്‍ വിവരങ്ങള്‍ സഹായിക്കുന്നതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.പി.എഫ്.) കണക്കുകള്‍. കര്‍ണാടകയില്‍ 2017 ജൂലായ് മുതല്‍ ഒക്ടോബര്‍ വരെ 505 കുട്ടികളെയാണ് ഇങ്ങനെ രക്ഷപ്പെടുത്തിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ കണ്ടെത്തിയ 90 ശതമാനം കുട്ടികളെയും രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ കഴിഞ്ഞു. ആര്‍.പി.എഫ്. ആവിഷ്‌കരിച്ച ‘ലിറ്റില്‍ ഏഞ്ചല്‍സ്’ പദ്ധതിയുടെ ഭാഗമായാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

വിരലടയാളമോ കൃഷ്ണമണിയോ സ്‌കാന്‍ചെയ്ത് കുട്ടികളുടെ പ്രാഥമികവിവരങ്ങള്‍ ശേഖരിക്കുന്നതാണ് ആദ്യപടി. തുടര്‍ന്ന് ഈ വിവരങ്ങള്‍ ആധാര്‍ ഡേറ്റാ ബാങ്കുമായി ബന്ധപ്പെടുത്തി രക്ഷിതാക്കളെ കണ്ടെത്താറാണ് പതിവ്. സംസാരിച്ചുതുടങ്ങാത്ത കുട്ടികളുടെയും ഭാഷയറിയാത്ത കുട്ടികളുടെയും വീട്ടുകാരുമായി ബന്ധപ്പെടാനാണ് ഈ മാര്‍ഗം ഏറെ ഉപകാരപ്പെടുന്നത്.

സംസ്ഥാനത്ത് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് ‘ലിറ്റില്‍ എഞ്ചല്‍സ്’ പദ്ധതി ആര്‍.പി.എഫ്. നടപ്പാക്കിയത്. റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരാതികള്‍ കൂടുതലായി വന്നത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികള്‍ ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നത് നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു.

ബെംഗളൂരു ഡിവിഷനില്‍നിന്ന് 246 കുട്ടികളെയും ഹുബ്ബള്ളി ഡിവിഷനില്‍നിന്ന് 124 കുട്ടികളെയും മൈസൂരുവില്‍നിന്ന് 135 കുട്ടികളെയുമാണ് കണ്ടെത്തി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്. കര്‍ണാടകയില്‍നിന്നുള്ളവരായിരുന്നു ഇതില്‍ 478 കുട്ടികളും. ബിഹാറില്‍നിന്ന് 12, ആന്ധ്രയില്‍നിന്ന് എട്ട്, ഉത്തര്‍പ്രദേശില്‍നിന്ന് ഏഴ്, അസമില്‍നിന്ന് ആറ്, ഗുജറാത്തില്‍നിന്ന് രണ്ട്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് നാലുപേര്‍ വീതം, ജാര്‍ഖണ്ഡില്‍നിന്നും രാജസ്ഥാനില്‍നിന്നുമുള്ള മൂന്നുകുട്ടികള്‍, എന്നിങ്ങനെയാണ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരുടെ കണക്കുകള്‍. 32 സ്ത്രീകളെയും ഇതേ രീതിയില്‍ രക്ഷപ്പെടുത്തി.

shortlink

Post Your Comments


Back to top button