സിറിയ ; മറ്റ് കുട്ടികളെ പോലെയായിരുന്നില്ല ഏഴുവയുകാരനായ ഈ ബാലന്‍. അപൂര്‍വമായ ജനിതക രോഗം ബാധിച്ച് തൊട്ടാല്‍ ഉരുകി പ്പോകുന്ന തൊലി മുലം മരണം കാത്ത് കഴിഞ്ഞ ഈ ബാലന് ഇപ്പോള്‍ പുനര്‍ജന്മമാണ്.
സിറിയയില്‍ ജനിച്ച് ജര്‍മനിയില്‍ ജീവിക്കുന്ന ബാലനാണ് ഏഴ് വയസുകാരനായ ഹസ്സന്‍. ബട്ടര്‍ഫ്‌ളൈ ഡിസീസ് എന്നറിയപ്പെടുന്ന അപൂര്‍വരോഗത്തിന് അടിപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് ജീവിത്തതിലേക്ക് മടങ്ങിയ അത്ഭുതചരിത്രത്തിന് ഉടമയാണീ ബാലന്‍. തൊട്ടാല്‍ ഉരുകിപ്പോകുന്ന തൊലിമൂലമായിരുന്നു ഹസ്സന്‍ കുറച്ച് മുമ്പ് വരെ മരണം കാത്ത് കിടന്നിരുന്നത്. കുറച്ച് കാലം അബോധാവസ്ഥയിലുമായിരുന്നു.
എന്നാല്‍ ശരീരത്തിലെ മുഴുവന്‍ തൊലിയും മാറ്റി വച്ച് അത്ഭുത സൃഷ്ടിച്ച് ബാലന് പുനര്‍ജന്മമേകിയിരിക്കുകയാണ് ശാസ്ത്രലോകം. ഇതോടെ ഹസ്സന് ഇനി ചിത്രശലഭത്തെ പോലെ ഓടിക്കളിക്കാം. അപൂര്‍വമായ ഈ ജനിതകരോഗം മൂലം ഹസ്സന്റെ 80 ശതമാനം തൊലിയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഈ ബാലന്‍ അബോധാവസ്ഥയിലെത്തുകയും മരണത്തിന് തൊട്ടടുത്തെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ലബോറട്ടറിയില്‍ വച്ച് പുതിയ ചര്‍മം വച്ച് പിടിപ്പിച്ച് ഡോക്ടര്‍മാര്‍ ഈ ബാലനെ ജിവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നിരിക്കുകയാണ്. ഈ രോഗം ബാധിക്കുന്നതിനെ തുടര്‍ന്ന് മനുഷ്യചര്‍മം പൂമ്പാറ്റയുടെ ചിറക് പോലെ മൃദുലമാവുകയും ചെറിയൊരു സ്പര്‍ശം കൊണ്ട് പോലും ഉരിഞ്ഞ് പോകുന്ന അവസ്ഥയിലെത്തുകയുമാണ് ചെയ്യുന്നത്.
ജനിച്ചയുടന്‍ തന്നെ ബാലന്റെ തൊലിയില്‍ തീപ്പൊള്ളല്‍ പോലെയും മുറിവുകള്‍ പോലെയുമുള്ള നിരവധി മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് ഇത് വര്‍ധിച്ച് വര്‍ധിച്ച് വരുകയും ശരീരത്തിന്റെ ഏതാണ്ട് ഭൂരിഭാഗം പ്രദേശത്തും ഒരു തുറന്ന മുറിവ് പോലുള്ള അവസ്ഥയുണ്ടാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അസഹനീയമായ വേദനയില്‍ നരകയാതനയായിരുന്നു ഹസ്സന്‍ അനുഭവിച്ചിരുന്നത്. തുടര്‍ന്ന് പലവിധി ചികിത്സകളും മരുന്നുകളും പരീക്ഷിച്ചെങ്കിലും ഫലമുണ്ടാവാതെ പോവുകയും ഹസ്സന്‍ കോമ അവസ്ഥയിലെത്തി മരണത്തിന് സമീപമെത്തുകയുമായിരുന്നു.
അവസാനം ഒരു പരീക്ഷണമെന്ന നിലയില്‍ ലബോറട്ടറിയില്‍ കൃത്രിമ തൊലി നിര്‍മ്മിക്കാന്‍ ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു.ഇതിനായി ഹസ്സന്റെ സ്റ്റെം സെല്ലുകള്‍ എടുക്കുകയും ഈ രോഗത്തിന് കാരണമാകുന്ന ഘടകങ്ങള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ രോഗത്തിന് സ്റ്റെസെല്ലുകള്‍ ഇത്രയും ഫലപ്രദമായി ഉപയോഗിക്കാമെന്ന വിപ്ലവകരമായ ഒരു വഴിത്തിരിവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലെ ബേണ്‍ യൂണിറ്റില്‍ മരണത്തെ മുഖാമുഖം കണ്ട് കിടന്നിരുന്ന ഹസ്സന്‍ 21 മാസങ്ങള്‍ക്ക് ശേഷം പൂര്‍ണമായും സുഖപ്പെട്ട് സാധാരണമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. പുതിയ തൊലിയെ ഹസ്സന്റെ ശരീരം പൂര്‍ണമായും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം അപൂര്‍വ ത്വക്ക് രോഗങ്ങളെ വിശദീകരിക്കുവാന്‍ എപിഡെര്‍മോലിസിസ് ബുല്ലോസ അഥവാ ഇബി എന്ന ജനറല്‍ ടേമാണ് ഉപയോഗിക്കുന്നത്. മിക്ക കേസുകളിലും ഇബിയുടെ ലക്ഷണങ്ങള്‍ ജനനം മുതല്‍ തന്നെ പ്രകടമാകും. മാതാപിതാക്കളില്‍ നിന്നാണ് ഇതിന് കാരണമാകുന്ന വൈകല്യം ബാധിച്ച ജീന്‍ കുട്ടികളിലേക്ക് പാരമ്പര്യമായി ലഭിക്കുന്നത്. യുഎസില്‍ പിറക്കുന്ന അരലക്ഷത്തോളം കുട്ടികളില്‍ ഒന്നിന് മാത്രമാണിതുണ്ടാവുന്തന്. എന്നാല്‍ യുകെയില്‍ 5000പേരില്‍ ഒരാള്‍ക്കെന്ന തോതില്‍ ഈ രോഗമുണ്ട്.
Post Your Comments