
ന്യൂഡല്‍ഹി: ഉത്തർ പ്രദേശിന്റെ പ്രധാന ഭാഗങ്ങള്‍ അടക്കി ഭരിച്ച രാജ കുടുംബമായ അവധ് രാജ് വംശത്തിലെ അവസാന കണ്ണി ആരുമറിയാതെ മരണമടഞ്ഞു. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ മാള്‍ച്ച മഹലിലെ താമസക്കാരനായ അവധ് രാജവംശത്തിലെ അവസാനത്തെ കണ്ണിയായ അലി റാസ (58 ) രാജകുമാരൻ മരിച്ചത് അനാഥനായാണ്. വൈദ്യുതിയോ ജലവിതരണസൗകര്യമോ ഇല്ലാത്ത കോട്ടയായിരുന്നു മാള്‍ച്ച മഹല്‍. 14-ാം നൂറ്റാണ്ടില്‍ ഫിറോസ്ഷാ തുഗ്ലക്ക് നിര്‍മ്മിച്ച നായാട്ടുകേന്ദ്രമാണ് ഇത്.
ഇവിടെ രാജ വംശ ശേഷിപ്പുകൾക്കിടയിൽ ആരുമറിയാതെ മരിച്ചുകിടന്ന അലി റാസയുടെ മൃതദേഹം തൊട്ടടുത്തുള്ള ഐ.എസ്.ആര്‍.ഒ. എര്‍ത്ത് സ്റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. കഴിഞ്ഞ സെപ്തംബര് രണ്ടിനായിരുന്നു സംഭവം.അവകാശികളായി ആരുമെത്താത്തതിനാല്‍ സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹി ഗേറ്റ് ശ്മശാനത്തില്‍ പൊലീസുതന്നെ അലിയുടെ മൃതദേഹം സംസ്കരിച്ചു. 1856-ല്‍ ബ്രിട്ടീഷ് ഭരണകൂടം അവധ് നവാബിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തപ്പോൾ ഇവര്‍ക്കനുവദിച്ച ഔദ്യോഗിക വസതികളൊക്കെ നിഷേധിച്ചാണ് മാറാലകെട്ടിയ മാള്‍ച്ച മഹലില്‍ അവധ് രാജകുടുംബം താമസിച്ചിരുന്നത്.
പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ഈ കുടുംബത്തിന് ശ്രീനഗറില്‍ ഒരു ചെറിയ കൊട്ടാരം അനുവദിച്ചിരുന്നു. അവിടെ തീപ്പിടിത്തമുണ്ടായപ്പോള്‍ രാജ്ഞി ബേഗം വിലായത്ത് മഹല്‍ മക്കളായ സക്കീനയെയും അലി റാസയെയും ഏതാനും പരിചാരകരെയുംകൂട്ടി ഡല്‍ഹിയിലെത്തി ഈ മാൾച്ച മഹാളിൽ താമസിക്കാൻ നിയമ പോരാട്ടം നടത്തിയിരുന്നു. അധികൃതരോട് തന്റെ രാജകീയപ്രൗഢിക്ക് യോജിച്ച താമസസ്ഥലം ആവശ്യപ്പെട്ട രാജ്ഞി അവകാശപ്പെട്ട താമസസ്ഥലത്തിനായി ആത്മഹത്യാഭീഷണി മുഴക്കേണ്ടി വന്നു.
പിന്നീട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇവർക്ക് ഇവിടെ താമസിക്കാൻ അനുവാദം നൽകിയത്. 1985 മെയ് 28-ന് ബേഗവും കുടുംബവും ഇവിടേക്ക് മാറി. ഇവിടേക്ക് ആര്‍ക്കും പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. 1993-ല്‍ ബേഗം ആത്മഹത്യചെയ്തു. നാലുവര്‍ഷം മുൻപ് മകൾ സക്കിനേയും മരിച്ചു. പിന്നീട് ഏകാന്തനായി ആയിരുന്നു അലിയുടെ ജീവിതം. അലിയുടെ മരണത്തോടെ ഈ രാജവംശം ചരിത്രമായിരിക്കുകയാണ്.
Post Your Comments