ബെയ്‌റൂട്ട്: സൗദി അറേബ്യ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. യാഥാസ്ഥിതിക മൂല്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചിരുന്ന സൗദിയില്‍ ഇപ്പോ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലധ്യക്ഷന്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. സൗദിഭരണകൂടത്തിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബിഷാറ അല്‍ റായ് ആണ് സൗദി സന്ദര്‍ശിക്കാനൊരുങ്ങുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും പ്രത്യേകക്ഷണം സ്വീകരിച്ചാണ് കര്‍ദിനാള്‍ സൗദി സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഇസ്ലാം മതത്തിനൊഴികെ മറ്റൊരു മതത്തിനും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത സൗദിയിലേക്ക് കത്തോലിക്ക സഭയുടെ മേലധ്യക്ഷനെ ക്ഷണിച്ചത് വലിയ മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശനത്തിനു ക്ഷണം ലഭിച്ചതായി കര്‍ദിനാള്‍ ബിഷാറ അല്‍ റായ് സ്ഥിരീകരിച്ചു. പ്രത്യേക വ്യവസ്ഥകളോടെയല്ല സന്ദര്‍ശനം. ഏകദിന സന്ദര്‍ശനമായിരിക്കും. ഇതില്‍ രാഷ്ട്രീയ ഘടകങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ല്‍ അന്നത്തെ അബ്ദുള്ള രാജാവില്‍നിന്നു റിയാദ് സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ അതു സാധ്യമായില്ലെന്നും കര്‍ദിനാള്‍ ഓര്‍മിച്ചു.
Post Your Comments