മലയാള സിനിമയില്‍ വീണ്ടും താര പോരുകള്‍ ആരംഭിക്കുന്നതായി സൂചന. ചരിത്രത്തെ ഇതിവൃത്തമാക്കി ധാരാളം ചിത്രങ്ങള്‍ ഒരുങ്ങാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ച ഇതിഹാസ പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന രണ്ട് സിനിമകളാണ്. മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ ഒരു ദേശീയ മാധ്യമത്തില്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെ താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചു. അതോടുകൂടി ആരാധകരും സിനിമാ പ്രേമികളും രണ്ടു തട്ടില്‍ നിന്നുകൊണ്ട് വാദങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
വിവാദങ്ങള്‍ ആരംഭിച്ചതോടെ മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് പ്രിയദര്‍ശന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്ത് നില്‍ക്കൂവെന്നും അതിനുള്ളില്‍ ആ ചിത്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
“മൂന്ന് വര്‍ഷം മുന്‍പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണ്”- പ്രിയദര്‍ശന്‍ പറഞ്ഞു.
Post Your Comments