സ്കന്ദഷഷ്ഠി തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിനു ഉത്തമം .
ഒരു സ്കന്ദഷഷ്ഠി വ്രതം ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ്. സ്കന്ദഷഷ്ഠി വ്രതം കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ്. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ഭര്‍തൃ–സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത് ഉത്തമം. തുലാമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇതിൽ ഏറ്റവും പ്രധാനം.
ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കുക. തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം.
ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർത്ഥം സേവിച്ച് പാരണവിടുന്നു.
Post Your Comments