ആലപ്പുഴ: ബി.ഡി.ജെ.എസിനെ ബി.ജെ.പി. ദേശീയ നേതൃത്വവും കൈവെടിയുന്നു. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കാൻ വൈകുന്നത് ഇതിന്റെ സൂചയാണെന്നാണ് റിപ്പോർട്ടുകൾ. ബി.ഡി.ജെ.എസ് നേതൃത്വം അതൃപ്തിയിലാണ്. ഒക്ടോബര്‍ 31നകം സ്ഥാനങ്ങള്‍ നല്‍കുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിലാണ് ഇവർ അതൃപ്തി രേഖപ്പെടുത്തിയത്. ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വിവിധ ജില്ലകളിലായി നടത്തിവരുന്ന പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷനുകളില്‍ ആരുമായും സഹകരിക്കാമെന്ന പ്രഖ്യാപനം മുന്നോട്ടുവച്ചത് ഇതിന്റെ ഭാഗമാണ്.
ഒക്ടോബര്‍ 31നകം നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ അടക്കം നാല് ബോര്‍ഡുകളില്‍ ബി.ഡി.ജെ.എസ് പ്രതിനിധികളുടെ നിയമനം നടത്തുമെന്നാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പു നല്‍കിയിരുന്നത്. അഹമ്മദാബാദില്‍വച്ച് തുഷാര്‍ വെള്ളാപ്പള്ളിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്പൈസസ് ബോര്‍ഡ്, ഐ.ടി.ഡി.സി, എഫ്.സി.ഐ, ദേശീയ ബാങ്ക് ബോര്‍ഡ് എന്നിവയില്‍ അംഗത്വവും ഏഴ് സര്‍ക്കാര്‍ പ്ളീഡര്‍മാരെയും ബി.ഡി.ജെ.എസിന് നല്‍കാമെന്നും അമിത് ഷാ ഉറപ്പു നല്‍കിയിരുന്നു. ബി.ജെ.പി നേതൃത്വത്തിനു പരിഗണിക്കപ്പെടേണ്ടവരുടെ പേരുകള്‍ തുഷാര്‍ നല്‍കുകയും ചെയ്തിരുന്നു.
വാഗ്ദാനങ്ങളില്‍നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ താമസമുണ്ടായെന്നുമാണ് അമിത് ഷാ വ്യക്തമാക്കുന്നത്. എന്നാല്‍, മുന്നണിമാറ്റം സൂചിപ്പിച്ചുകൊണ്ട് ബി.ഡി.ജെ.എസ്. നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ അദ്ദേഹവും അതൃപ്തനാണെന്നാണു സൂചന. ബി.ഡി.ജെ.എസ് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയുടെ വേദികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ അടുത്തിടെ നടന്ന ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തിനായി കേന്ദ്രനേതാക്കള്‍ ഉള്‍പ്പടെ എത്തിയിട്ടും ബി.ഡി.ജെ.എസ് നേതാക്കളുമായി ആശയവിനിമയത്തിന് തയാറായില്ല.
Post Your Comments