കോട്ടാ: ശാസ്ത്രം പുരോഗമിച്ചാലും അന്ധവിശ്വാസങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല എന്ന് തെളിയിക്കുന്നതാണ് രാജസ്ഥാനില്‍ നടന്ന ചില സംഭവങ്ങള്‍. ബാധ ഒഴിപ്പിക്കലും കൂടോത്രവും നടന്നത് രാജസ്ഥാനിലെ കോട്ടയിലെ പ്രശസ്ത ആശുപത്രിയ്ക്ക് മുന്നിലാണ്.
. ചികിത്സയ്ക്കിടയില്‍ മരണമടഞ്ഞ ഒരു വൃദ്ധന്റെയും സ്ത്രീയുടേയും ആത്മാവ് ശല്യം ചെയ്യുന്നെന്ന വിശ്വാസത്തില്‍ രണ്ടു കുടുംബം കോട്ടയിലെ ആശുപത്രിയില്‍ ബാധയൊഴിപ്പിക്കലും മന്ത്രവാദവും നടത്തിയതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ കോട്ടയിലെ വലിയ ആശുപത്രികളില്‍ ഒന്നായ മഹാറാവു ഭീം സിംഗ് ആശുപത്രിയാണ് വേദിയായത്.
മൂന്ന് വര്‍ഷം മുമ്പ് ചികിത്സ തേടിയെത്തുകയും മുന്ന് മാസം മുമ്പ് മരണമടയുകയും ചെയ്ത ബുന്ദി ജില്ലയിലെ ഹിന്ദോളി നഗരത്തിലെ ചേലാറാമിന് വേണ്ടിയാണ് ആശുപത്രിയുടെ പ്രധാന കവാടത്തില്‍ തന്നെ കുടുംബാംഗങ്ങള്‍ പൂജ നടത്തിയത്.പുറത്തു പോകാനാകാതെ ആശുപത്രിയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞ് സഹോദരന്റെ ആത്മാവ് തന്നെ ഉറക്കത്തില്‍ ശല്യം ചെയ്യുന്നതായി ചേലാറാമിന്റെ സഹോദരന്‍െ് ദുലി ചന്ദ് പറഞ്ഞു. മകന്‍ ശിവദാസും സമാന ഗതിയില്‍ പിതാവിന്റെ ആത്മാവ് ആശുപത്രിയില്‍ അലഞ്ഞുതിരിയുന്നതായി സ്വപ്നം കാണുന്നതായി പറഞ്ഞു. ഇതേ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ഗേറ്റില്‍ തന്നെ പൂജ നടത്തിയത്.
സംഭവം അറിഞ്ഞ എംബിഎസ് ആശുപത്രി അധികൃതര്‍ പോലീസ് ചെക്‌പോസ്റ്റില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ മന്ത്രവാദിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതരും മരുന്നു വാങ്ങാനെത്തിയ അനേകരം നോക്കി നില്‍ക്കെ ഒന്നര മണിക്കൂറോളം ചടങ്ങ് നടത്തി ആത്മാവിനെ സ്വതന്ത്രമാക്കിയ ശേഷമാണ് കുടുംബം മടങ്ങിയത്.
കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞ മറ്റൊരു ചടങ്ങും ഇതേ പോലെ നടന്നു. സാവര്‍ നഗരത്തില്‍ നിന്നുള്ള മീര എന്ന സ്ത്രീയുടെ കുടുംബമാണ് ചടങ്ങുമായി വന്നത്. മൂന്ന് വര്‍ഷം മുമ്പ് ചികിത്സയ്ക്കിടെ എംബിഎസ് ആശുപത്രിയില്‍ കിടന്നു മരിച്ച മീരയുടെ ആത്മാവ് മോക്ഷം കിട്ടാതെ അലയുന്നെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആവലാതി. തുടര്‍ന്ന് അവരും ആത്മാവിന് മോക്ഷം നല്‍കുന്ന പൂജ നടത്തിയായിരുന്നു ആശുപത്രിയില്‍ നിന്നും മടങ്ങിയത്.
അതേസമയം രണ്ടു പൂജകളും നടന്നിട്ടും ആശുപത്രി അധികൃതര്‍ കാര്യമായി പ്രതികരിച്ചില്ല എന്നതാണ് ഏറെ രസകരം. അതേസമയം ഇതേ ആശുപത്രിയില്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന മറ്റൊരു പൂജ ഐസിയു വിന് മുന്നിലായിരുന്നു. ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹത്തിലേക്ക് ജീവന്‍ തിരിച്ചു കയറാനായിരുന്നു പൂജകള്‍.
Post Your Comments