Latest NewsNewsGulf

ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി : നിക്ഷേപ മേഖല തങ്ങള്‍ക്ക് അനുകൂലമാകുമോ എന്ന് ഉറ്റുനോക്കി സംസ്ഥാനങ്ങള്‍

 

ദുബായ് : വാണിജ്യ-വ്യാപാരമേഖലകളില്‍ സഹകരണം ശക്തമാക്കാനും നിക്ഷേപരംഗത്തു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് (ഐയുപിഎസ്) ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ തുടക്കമാകും.

ദ്വിദിന ഉച്ചകോടിയില്‍ ഇന്ത്യയിലെയും യുഎഇയിലെയും മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 800 പ്രതിനിധികള്‍ പങ്കെടുക്കും. യുഎഇ, ഇന്ത്യ സാമ്പത്തിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെയുള്ള ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ (ബിഎല്‍എഫ്) ആഭിമുഖ്യത്തിലാണ് ഉച്ചകോടി.

നിക്ഷേപസാധ്യതകള്‍, അടിസ്ഥാനസൗകര്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയവയെക്കുറിച്ച് വിവിധ ഗ്രൂപ്പുകളായി ചര്‍ച്ചകളും സെമിനാറുകളും നടക്കും. കേന്ദ്രമന്ത്രിമാരും തെലങ്കാന, യുപി, മണിപ്പുര്‍, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാരും പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപസാധ്യതകള്‍, പുതിയ പദ്ധതികള്‍ എന്നിവ ഉച്ചകോടിയില്‍ അവതരിപ്പിക്കും.

ഇന്ത്യാ സന്ദര്‍ശനവേളയില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്തപ്രഖ്യാപനത്തിലാണ് വ്യാപാര-വാണിജ്യ മേഖലകളിലടക്കമുള്ള തന്ത്രപ്രധാന സഹകരണത്തിനു ധാരണയായത്. ഇതിന്റെ ഭാഗമാണ് പങ്കാളിത്ത ഉച്ചകോടി. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകള്‍ വിലയിരുത്തുക, പദ്ധതികള്‍ക്കു രൂപം നല്‍കുക, നടപടികളുടെ പുരോഗതി അവലോകനം ചെയ്യുക തുടങ്ങിയവ ഉച്ചകോടിയുടെ ലക്ഷ്യങ്ങളാണ്.

shortlink

Post Your Comments


Back to top button