തിരുവനന്തപുരം: ചിട്ടിത്തട്ടിപ്പില്‍പ്പെട്ട് പണം ലഭിക്കാതായവര്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാറശാലയില്‍ നിന്നുള്ള കര്‍ഷകന്റെ ആത്മഹത്യയാണ്. നിര്‍മല്‍ കൃഷ്ണ ചിട്ടിത്തട്ടിപ്പ് ഇരയായ നിക്ഷേപകനാണ് പണം നഷ്ടപ്പെട്ടതിന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരിക്കുന്നത്.
മകളുടെ വിവാഹത്തിനായി ഭൂമി വിറ്റും കൂലിപ്പണി ചെയ്തും സ്വരൂപിച്ച പണം നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പില്‍ നഷ്ടപ്പെട്ട നിക്ഷേപകനാണ് ആത്മഹത്യ ചെയ്തത്.
തിരുവനന്തപുരം പാറശാല ഉദിയന്‍കുളങ്ങര താന്നിവിള അശ്വതി ഭവനില്‍ വേണുഗോപാലന്‍ നായര്‍ (61) ആണു മരിച്ചത്. 25 ലക്ഷത്തോളം രൂപയാണ് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്. ഇളയമകള്‍ വിദ്യയുടെ വിവാഹം ഫെബ്രുവരി ഏഴിനു നടത്താന്‍ നിശ്ചയിച്ചിരുന്നു. തട്ടിപ്പിനിരയായതോടെ അസ്വസ്ഥനായിരുന്ന വേണുഗോപാലന്‍ മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ നാലു മാസമായി ജോലിക്കു പോകുന്നുണ്ടായിരുന്നില്ല.
ഇന്നലെ ഉച്ചയ്ക്കുശേഷം ഭാര്യ ശ്രീകുമാരിയമ്മ അടുത്തുള്ള ചന്തയിലേക്കും മകള്‍ വിദ്യ പി.എസ്.സി. കോച്ചിങ് ക്ലാസിലും പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. വിദ്യ ക്ലാസ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പത്തു വര്‍ഷത്തോളം മുംബൈയില്‍ ടാക്‌സി ഡ്രൈവറായിരുന്ന അദ്ദേഹം ഉദിയന്‍കുളങ്ങര ന്യു ജ്യോതി പബ്ലിക് സ്‌കൂളിലെ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നിക്ഷേപകന്‍ ആത്മഹത്യ ചെയ്തതോടെ നിര്‍മല്‍ കൃഷ്ണ സ്ഥാപനത്തിനെതിരേ കേസെടുക്കാന്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. എന്നാല്‍, ആത്മഹത്യാക്കുറിപ്പ് ലഭിക്കാത്തതു തടസമാകുന്നു.
നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് തമിഴ്‌നാട് പോലീസാണ് അന്വേഷിക്കുന്നത്. ഉടമയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ അറുനൂറോളം ബിനാമി നിക്ഷേപങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. ഇതില്‍ 700 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നു കണക്കാക്കുന്നു. ബിനാമി ഇടപാടായതിനാല്‍ ആരും പണത്തിനുവേണ്ടി രംഗത്തു വന്നിട്ടില്ല. ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് ഇങ്ങനെ 50 കോടിയോളം രൂപ നഷ്ടപ്പെട്ടതായും സൂചനയുണ്ട്.
Post Your Comments