MollywoodLatest NewsKeralaCinemaMovie SongsNewsEntertainmentNews StorySpecials

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരങ്ങളാക്കിയ സംവിധായകന്‍; സിനിമയ്ക്ക് വേണ്ടി ജീവിച്ച സംവിധായകന് പ്രണാമം അർപ്പിച്ച് സിനിമാ മേഖല

മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് രൂപം നല്‍കി തനതായ ഒരു ശൈലി സിനിമാ ലോകത്തിന് നല്‍കിയ അനുഗ്രഹീത സംവിധായകന്‍ ഐവി ശശി വിടവാങ്ങി. എത്രതവണ കണ്ടാലും മതിവരാത്ത ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങി. മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരങ്ങളാക്കിയ സംവിധായകരില്‍ ഒരാളാണ് ഐ വി ശശി. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. സാങ്കേതിക വിദ്യയൊന്നും വളര്‍ന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഉത്സവം ഒരു വന്‍ വിജയമായി തീര്‍ന്നു. പ്രേംനസീര്‍ നായകനല്ലാത്ത ഒരു സിനിമയും വിജയിക്കില്ലെന്ന അവസ്ഥയില്‍ നിന്നും മലയാള സിനിമയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ ഉത്സവത്തിലൂടെ അദ്ദേഹത്തിനു സാധിച്ചു. കെ.പി. ഉമ്മര്‍, റാണിചന്ദ്ര, ശ്രീവിദ്യ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

എന്നാല്‍ വീണ്ടും സംവിധാനരംഗത്ത് അദ്ദേഹം സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മലയാള സിനിമയില്‍ 150 കോടിയിലേറെ ചെലവിട്ടു നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഐവി ശശിയും ടീമും. ഐ വി ശശിയും സോഹൻ റോയിയും ചേര്‍ന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്.

ബേണിങ് വെൽസ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം ഇറാഖ്– കുവൈത്ത് അധിനിവേശത്തിന്റെ കഥയാണ് പറയുന്നത്. കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇങ്ങനൊരു ചിത്രത്തിന്റെ ആലോചനയ്ക്ക് കാരണമായതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹന്‍ റോയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി കുവൈറ്റ്‌ സർക്കാരിന്റെ അനുമതികൾക്കായുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. അതിനിടയിലാണ് ഐവി ശശി ജീവിതത്തില്‍ നിന്നും യാത്രയായത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംവിധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. ആലപ്പി ഷെറീഫിന് പുറമെ പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു.

തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തിയതും ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് എത്തിയ മോഹന്‍ലാലിന് ഉയരങ്ങളിലൂടെ നായക സമ്മാനിച്ചതും ഈ സംവിധായകനാണ്. കൂടാതെ കൊച്ചു കൊച്ചു വേഷങ്ങളില്‍ ഒതുങ്ങി നിന്ന സോമനെയും ജയനെയും കെ.പി. ഉമ്മറെയും രതീഷിനെയും താരങ്ങളാക്കിയതും ശ്രീദേവിയെയും സീമയെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് ഐ വി ശശി. താനെന്താണോ തന്നെ അതാക്കിയത് ശശിയേട്ടനാണെന്നു പലപ്പോഴും നടിയും ഭാര്യയുമായ സീമ പറഞ്ഞിട്ടുണ്ട്. 1978 ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ ആണ് സീമയുടെ ആദ്യ റിലീസ് ചിത്രം. ഈ ചിത്രത്തില്‍ പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് രാജിയായി സീമയെ കണ്ടെത്തിയത് എന്ന് സംവിധായകന്‍ ഐവി ശശി പറഞ്ഞിട്ടുണ്ട്.

<
സത്യം പറഞ്ഞാല്‍ ആ കഥാപാത്രം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ് എനിക്കന്ന്. ഞാന്‍ പൂര്‍ണമായും ശശിയേട്ടനെ വിശ്വസിച്ചു. ഞാനാണ് ചിത്രത്തിലെ നായിക എന്ന് ശശിയേട്ടന്‍ പറഞ്ഞു, ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നു. പല അഭിമുഖങ്ങളിലും രാജിയെക്കുറിച്ചും ഐ വി ശശിയെക്കുറിച്ചും സീമ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.

1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button