ദുബായ്•ബലാത്സംഗത്തിനിരയാകുകയും തുടര്‍ന്ന് രണ്ട് മാസത്തോളം വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയും ചെയ്ത 14 വയസുള്ള ഏഷ്യക്കാരിയെ ദുബായ് പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സംഘം രക്ഷപ്പെടുത്തി. കുട്ടിയെ കണ്ടെത്തിയ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒരുകൂട്ടം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും പോലീസ് പിടിയിലായിട്ടുണ്ട്.
ഹ്യുമന്‍ ട്രാഫിക്കിംഗ് മോണിട്ടറിംഗ് സെന്ററില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മാംസക്കച്ചവടത്തിന് ഉപയോഗിക്കുന്നുവെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടപടികളിലേക്ക് കടക്കുകയായിരുന്നു. കെട്ടിടം വളഞ്ഞ പോലീസ് സംഘം, പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരായ ബംഗ്ലാദേശി പുരുഷനെയും സ്ത്രീയേയും പിടികൂടി.
പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് മറ്റൊരു ജിസിസി രാജ്യം വഴിയാണ് പെണ്‍കുട്ടിയെ ദുബായിലേക്ക് കടത്തിയതെന്ന് ഇരുവരും ചോദ്യം ചെയ്യലിനിടെ പറഞ്ഞു. പാസ്പോര്‍ട്ടില്‍ 24 വയസാണ് രേഖപ്പെടുത്തിയിരുന്നത്. പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിക്കുന്ന വിവരം അമ്മാവന് അറിയാമെന്നും ഇവര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ മസാജ് സെന്ററിലേക്ക് എന്ന് പറഞ്ഞാണ് കൊണ്ട് വന്നത്. തുടര്‍ന്ന് പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരന്‍ ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയുമായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതായും മോണിട്ടറിംഗ് സെന്റര്‍ ഡയറക്ടര്‍ കേണല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഷേര്‍ പറഞ്ഞു.
രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ദുബായ് ഫൌണ്ടേഷന്റെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യ മാനസിക സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മാവനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആ രാജ്യത്തിന്‍റെ കോണ്‍സുലേറ്റുമായി ആലോചിച്ചുവരികയാണെന്നും കേണല്‍ അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.
Post Your Comments