ദോഹ: ഖത്തറിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ടൂറിസം അതോറിറ്റി ഇന്ത്യയില്‍ ഓഫിസ് തുറക്കുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ ടൂറിസം വിപണിയായാണ് ഇന്ത്യയെയും റഷ്യയെയും ക്യുടിഎ കാണുന്നത്. ഈയിടെ ചൈനയില്‍ ക്യുടിഎ പ്രതിനിധി ഓഫീസ് തുറന്നിരുന്നു. ഇതിനു പുറമേ, ഷാങ്ഹായ്, ഗ്വാങ്ഷു എന്നിവിടങ്ങളില്‍ ശാഖകളും ആരംഭിച്ചു. ചൈനയില്‍നിന്നു കൂടുതല്‍ വിനോദസഞ്ചാരികളെ ഖത്തറിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യ, റഷ്യ എന്നിവിടങ്ങളില്‍കൂടി ക്യുടിഎ ഓഫീസുകള്‍ തുറക്കുന്നത്.
ഈ വര്‍ഷംതന്നെ ഇന്ത്യയിലും റഷ്യയിലും പ്രതിനിധി ഓഫിസ് തുറക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി(ക്യു.ടി.എ) മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന്‍ മേധാവി റാഷിദ് അല്‍ ഖുറൈസി പറഞ്ഞു. ഖത്തറിലെ ടൂറിസം വികസനം മുന്‍നിര്‍ത്തിയുള്ള ദേശീയ നയത്തിന്റെ പുതിയ ഘട്ടം ഈയിടെ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിനിധി ഓഫീസുകള്‍ ക്യുടിഎ തുറക്കുന്നത്.
ഖത്തര്‍ എയര്‍വേയ്‌സുമായി സഹകരിച്ചു പ്രത്യേക ടൂറിസം പാക്കേജുകളും വികസിപ്പിക്കും. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടെ 80 രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കു വിസയില്ലാതെ ഖത്തറിലെത്താന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഖത്തറിലെ ടൂറിസം മേഖലയ്ക്കു കരുത്തു പകരാന്‍ വിസ ഫ്രീ എന്‍ട്രി സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രാ ടിക്കറ്റും വേണമെന്ന വ്യവസ്ഥ മാത്രമാണു വിസ ഫ്രീ എന്‍ട്രിക്കായി നിര്‍ദേശിച്ചിട്ടുള്ളത്. ടൂറിസം വിസയ്ക്കായി നേരത്തേ നിഷ്‌കര്‍ഷിച്ചിരുന്ന നിശ്ചിത തുക കൈവശം വയ്ക്കുക, ഉറപ്പായ ഹോട്ടല്‍ ബുക്കിങ് തുടങ്ങിയവയില്‍ ഇളവനുവദിച്ചിട്ടുമുണ്ട്.
ടൂറിസം മേഖലയ്ക്കായി ദേശീയ നയം നടപ്പാക്കിയതിനുശേഷം ഖത്തര്‍ കാണാനായി ഒരുകോടിയിലേറെ സന്ദര്‍ശകരെത്തിയെന്നാണു കണക്ക്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.7% ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനമാണ്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഏറ്റവുമധികം പ്രതീക്ഷവയ്ക്കുന്നതു ടൂറിസം മേഖലയിലാണ്.
വിവിധ ഭാഗങ്ങളിലായി ഒന്‍പതു പ്രമോഷനല്‍ ഓഫീസുകള്‍ ക്യുടിഎ തുറന്നിട്ടുണ്ട്. ആഗോളതലത്തില്‍ 260 ടൂറിസം പ്രചാരണങ്ങളും നടപ്പാക്കി. ആഗോളതലത്തില്‍ ഖത്തറിനെ ടൂറിസം ബ്രാന്‍ഡാക്കി വളര്‍ത്താനുള്ള നടപടികളാണു ക്യുടിഎ സ്വീകരിക്കുന്നത്. ഇതിനുവേണ്ടി രാജ്യാന്തരതലത്തില്‍ ടൂറിസം പ്രചാരണം ശക്തമാക്കാന്‍ ക്യുടിഎ തീരുമാനിച്ചിരുന്നു. ടൂറിസം നയത്തിന്റെ പുതിയ ഘട്ടം നടപ്പാക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ ടൂറിസം പ്രചാരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കും. ഖത്തറിനെ ആഗോളതലത്തില്‍ ടൂറിസം കേന്ദ്രമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിനിധി ഓഫീസുകളുടെ ശൃംഖല സൃഷ്ടിക്കാനാണു ക്യുടിഎയുടെ ശ്രമം.
Post Your Comments