ഡല്‍ഹി : ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. ദീര്‍ഘദൂര യാത്രാ തീവണ്ടികളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. . 500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വന്നേക്കും. ഇതോടെ, ട്രെയിനില്‍ ദീര്‍ഘദൂര യാത്ര പോകുന്നവര്‍ക്ക് 15 മിനിറ്റു മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയം ലാഭിക്കാം.
അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ പിയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പരീക്ഷണവുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു യാത്രാസമയം കുറയ്ക്കാനുള്ള നീക്കം.
പുതിയ സമയക്രമം പ്രാബല്യത്തിലാകുന്നതോടെ ഓരോ റെയില്‍വേ ഡിവിഷനും അറ്റകുറ്റപണികള്‍ക്കായി രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ കൂടുതല്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്താകെ അന്‍പതോളം ട്രെയിനുകളിലെ യാത്രക്കാര്‍ക്കു പുതിയ നടപടിയുടെ ഗുണം ലഭിക്കും. പിന്നീട് അഞ്ഞൂറോളം ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു യാത്രാസമയം കുറയ്ക്കാനാണു ശ്രമം.
ഇതിനുപുറമെ, അന്‍പതോളം മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നുവരികയാണെന്നാണു റിപ്പോര്‍ട്ട്. നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
Post Your Comments