ആലുവ: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ മാർഗതടസമുണ്ടാക്കി കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. ആലുവ ജോയിന്റ് ആര് ടി ഒ ആണ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ആര് ടി ഒ നല്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ആംബുലന്‍സിന് വഴി നല്‍കാതെ നിയമലംഘനം നടത്തിയതിനും മോട്ടോ വാഹനവകുപ്പ് ചട്ട പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാർ തടസം സൃഷ്ടിച്ചത്. ആലുവ ജിടിഎന്‍ ജംങ്ഷനില്‍ വച്ചാണ് എസ്യുവി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ പൊലീസില്‍ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്ത നിര്‍മ്മല്‍ ജോസിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
Post Your Comments