പട്ന: ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും പ്രമുഖ മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിനും പ്രദ്യുമന്‍ ശര്‍മ്മക്കും കോടികളുടെ ആസ്തിയുണ്ടെന്ന് കാണിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അപഹരിച്ചുകൊണ്ടുവരുന്ന പണം ഉപയോഗിച്ച് നേതാക്കള്‍ ആഢംബര ജീവിതം നയിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാവോയിസ്റ്റ് നേതാക്കളായ സന്ദീപ് യാദവിന്റേയും പ്രദ്യുമന്‍ ശര്‍മ്മയും മക്കള്‍ നിരന്തരം വിമാന യാത്രകള്‍ നടത്താറുണ്ടെന്നും ഇവരുടെ കൈവശം ആഡംബര ബൈക്കുകളുടെ ശേഖരമുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഹാര്‍ ഝാര്‍ഖണ്ഡ് പ്രത്യേക ഏരിയ കമ്മറ്റിയുടെ ചുമതലക്കാരനും തൊണ്ണൂറോളം കേസുകളിലെ പ്രതിയുമാണ് സന്ദീപ് യാദവ്. ഇയാളുടെ തലയ്ക്ക് ബീഹാര്‍ പോലീസ് അഞ്ചു ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. സന്ദീപിന്റെ സഹോദരന്‍ ധനിക് ലാലും മാവോയിസ്റ്റ് പ്രവര്‍ത്തകനാണ്. സന്ദീപ് യാദവിന്റെ ഭാര്യ ലുടുവ പഞ്ചായത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. ഇവരുടെ പേരില്‍ എണ്‍പതു ലക്ഷം രൂപയുടെ വസ്തുവും മൂന്ന് ബാങ്ക് അക്കൗണ്ടിലായി പതിനാലു ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദ്യുമന്‍ ശര്‍മ്മ അന്‍പത്തിയഞ്ച് കേസുകളില്‍ പ്രതിയും ബീഹാര്‍ ജാര്‍ഖണ്ഡ് പ്രത്യേക ഏരിയ കമ്മറ്റി അംഗവുമാണ്. ബീഹാര്‍ പൊലീസ് അന്‍പതിനായിരം രൂപയാണ് ഇയാളുടെ തലക്ക് വിലയിട്ടിരിക്കുന്നത്. പ്രദ്യുമന്‍ ശര്‍മ്മയുടെ സഹോദരന്‍ പ്രമോദ് സിംഗ് ജഹാനാബാദില്‍ 250 ഏക്കര്‍ ഭൂമിയാണ് അടുത്തിടെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments