Latest NewsKeralaNews

ഇടത്തോട്ടോ വലത്തോട്ടോ അതോ താമരയിലേയ്‌ക്കോ ? കെ.എം.മാണിയുടെ മുന്നണി പ്രഖ്യാപനം ഡിസംബറില്‍

 

കോട്ടയം: ബാറിലും കോഴയിലും മുങ്ങി ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെയാകെ ഇളക്കി മറിച്ചിരുന്ന കെ.എം. മാണിയും കേരള കോണ്‍ഗ്രസും ഇപ്പോള്‍ നിശബ്ദരാണ്. യുഡിഎഫില്‍ നിന്നും അടര്‍ന്നു പോന്നതിനു ശേഷം എല്‍ഡിഎഫിലേയ്ക്ക് ചേക്കേറുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല.

ചരല്‍ക്കുന്ന് തീരുമാനത്തിലൂടെ സ്വതന്ത്ര നിലപാട് സ്വീകരിച്ച് ഇരുമുന്നണികളോടും സമദൂരം പ്രഖ്യാപിച്ച കേരളകോണ്‍ഗ്രസിന് ഇപ്പോള്‍ ലോക്‌സഭാ തെരെഞ്ഞടുപ്പിന് മുമ്പായി തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു മോഹം. ഒരു ഘട്ടത്തില്‍ കെ.എം മാണിയും കൂട്ടരും ബി.ജെ.പിയോട് അടുക്കുന്നുവെന്നും അതല്ല എല്‍.ഡി.എഫില്‍ ചേക്കേറുമെന്നും അതിനും ശേഷം യു.ഡി.എഫിലേക്ക് തന്നെ തിരിച്ചുപോകുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു.

പക്ഷേ അതെല്ലാം നിഷേധിച്ച മാണി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രസ്ഥാവനയില്‍ മറുപടി ഒതുക്കി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴക്കേസുകള്‍ ഏതാണ്ട് അവസാനിക്കാറായ ഘട്ടത്തില്‍ മകന്‍ ജോസ് കെ. മാണി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതനായതോടെ വീണ്ടുമൊരിക്കല്‍ കൂടി കേരളകോണ്‍ഗ്രസ് രാഷ്ട്രീയം ചര്‍ച്ചയാവുകയാണ്.

മാണിയോട് അയഞ്ഞ നിലപാട് സ്വീകരിക്കാനൊരുങ്ങിയ സി.പി.എം പുതിയ സാഹചര്യത്തില്‍ പുനരാലോചനകള്‍ക്ക് തയ്യാറായേക്കും. കോട്ടയം ഡി.സി.സിയുടെ അടക്കം കടുത്ത എതിര്‍പ്പ് അവഗണിച്ച് യു.ഡി.എഫിലേക്കുള്ള മടങ്ങിപ്പോക്കും അസാധ്യമാണ്. കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കി കേരളകോണ്‍ഗ്രസ് വോട്ട് ബാങ്ക് തകര്‍ക്കാന്‍ പദ്ധതിയിടുന്ന ബി.ജെ.പിക്കും കെ.എം മാണി പരിഗണനാവിഷയമല്ല.

കോട്ടയം ജില്ലാപഞ്ചായത്തിലുള്‍പ്പെടെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ കേരളകോണ്‍ഗ്രസിന് സി.പി.എം പിന്തുണ നല്‍കിയതോടെയാണ് മാണിയും കൂട്ടരും എല്‍.ഡി.എഫിലെത്തുമെന്ന സൂചനകള്‍ പുറത്തു വന്നത്. ജോസ് കെ. മാണിയാണ് ഇക്കാര്യത്തില്‍ ചരടുവലികള്‍ നടത്തുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇനിയൊരിക്കല്‍ കൂടി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ തന്നെ കോണ്‍ഗ്രസ് ദയാരഹിതമായി കാലുവാരുമെന്ന് ജോസ് കെ.മാണിക്ക് നന്നായറിയാം. അഭിപ്രായഭിന്നതകള്‍ പറഞ്ഞു പരിഹരിച്ച് എല്‍.ഡി.എഫിലെത്തിയാല്‍ ഉചിതമായ പരിഗണന ലഭിക്കും എന്ന് തന്നെയായിരുന്നു ശുഭപ്രതീക്ഷ.

എന്നാല്‍ മുതിര്‍ന്ന നേതാക്കളായ പി.ജെ ജോസഫ്, സി.എഫ് തോമസ്, മോന്‍സ് ജോസഫ് തുടങ്ങിയവരുടെ എതിര്‍പ്പ് ഇതിന് തിരിച്ചടിയായി. മാണി വിളിച്ച ഉന്നതാധികാര സമിതിയോഗത്തില്‍ നിന്നും ഇവര്‍ വിട്ടു നിന്ന സാഹചര്യം പോലുമുണ്ടായി. മാണി എല്‍.ഡി.എഫിലെത്തിയാല്‍ പാര്‍ട്ടി പിളര്‍ന്ന് പി.ജെ ജോസഫും പഴയ വിശ്വസ്തരായ ഫ്രാന്‍സീസ് ജോര്‍ജ് വിഭാഗവും ലയിച്ച് യു.ഡി.എഫില്‍ തുടരുമെന്നും സൂചനകള്‍ ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് എടുത്തു ചാടിയുള്ള മുന്നണി പ്രവേശനചര്‍ച്ചകള്‍ വേണ്ടെന്നും ചരല്‍ക്കുന്നു തീരുമാനം തുടരാമെന്നും കേരളകോണ്‍ഗ്രസില്‍ അഭിപ്രായസമന്വയമുണ്ടായത്.

ബി.ജെ.പി കേന്ദ്രമന്ത്രിസഭാ പുനസംഘടനയുടെ ഘട്ടത്തില്‍ ജോസ് കെ.മാണിയെ പരിഗണിക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിലൂടെ ന്യൂനപക്ഷവോട്ടുകളിലും സഭാനേതാക്കള്‍ക്കിടയിലും സ്വാധീനം ഉറപ്പിക്കാനായിരുന്നു ബി.ജെ.പി പദ്ധതി. ഇതിന് പിന്നാലെ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി മാണി തന്നെ രംഗത്ത് വരികയും ചെയ്തു. കേരളകോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ മുഖപ്രസംഗത്തിലാദ്യമായി ആര്‍.എസ്.എസിനും കേന്ദ്രഭരണത്തിനുമെതിരെ പ്രതികരണമെഴുതി.

കേരളകോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 12-ന് കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ കെ.എം മാണി വ്യക്തമാക്കിയിരിക്കുന്നത്. ജില്ലയിലെ സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യവയാണ് മുന്നണിപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്കു മാണി മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button