ബ്രസ്സല്‍സ്: ഉത്തര കൊറിയയെ അടക്കി നിർത്താൻ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ഉത്തരകൊറിയയോടു ആണവ– ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ നിർദേശിക്കാൻ യൂറോപ്യൻ യൂണിയൻ ഉച്ചകോടി തീരുമാനിച്ചു.വിവിധ നേതാക്കളുടെ യോഗത്തിൽ കരടു തീരുമാനം അംഗീകരിച്ചതിനു ശേഷം പ്രസ്താവനയായി പുറത്തുവിടും. ആയുധപരീക്ഷണങ്ങൾ പൂർണമായും നിർത്തണമെന്നും ആവർത്തിക്കരുതെന്നുമായിരിക്കും നിര്‍ദേശം നൽകുക. രാജ്യാന്തര നേതൃത്വത്തിനു ഇക്കാര്യം പരിശോധിച്ച് ബോധ്യപ്പെടാനുമാകണം. ഇക്കാര്യവും സമ്മതിച്ചില്ലെങ്കിൽ ഉത്തരകൊറിയയ്ക്കെതിരെ കൂടുതൽ നടപടികളെടുക്കേണ്ടി വരും. എന്നാൽ യൂണിയൻ ഇതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
യൂണിയൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു പിന്നാലെ ഉത്തരകൊറിയയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. യൂണിയനു കീഴിലെ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഉപരോധങ്ങൾ അംഗീകരിച്ചതാണ്. ഉത്തരകൊറിയയോടൊപ്പം വാണിജ്യബന്ധം തുടരുന്ന യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത രാജ്യങ്ങൾക്കു നേരെയും ഉപരോധം ഏർപ്പെടുത്തുമെന്നു സൂചനയുണ്ട്.
ഉത്തരകൊറിയയ്ക്കു എണ്ണയും അനുബന്ധ ഉൽപന്നങ്ങളും വില്‍ക്കുന്നതിന് നിലവിൽ നിരോധനമുണ്ട്. ‘പ്രതീകാത്മകം’ എന്ന നിലയിലാണ് ഈ ഉപരോധമെങ്കിലും യൂറോപ്യൻ യൂണിയന്റെ മാതൃക പിന്തുടരണമെന്ന് മറ്റു രാജ്യങ്ങൾക്കുള്ള സൂചന കൂടിയാണിത്. അസംസ്കൃത എണ്ണ നൽകുന്നതിനു പൂർണനിരോധനം ഏർപ്പെടുത്തരുതെന്നാണ് ചൈനയും റഷ്യയും ആവശ്യപ്പെടുന്നത്.
Post Your Comments