തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരിശോധനയിൽ കമ്പ്യൂട്ടർ വൽക്കരണ സംവിധാനമൊരുക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ സംരംഭകര്‍ സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യമൊരുക്കുകയും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്യുന്ന രൂപത്തിലുള്ള ക്രമീകരണമാണ് ആലോചിക്കുന്നത്.
നിലവില്‍ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, പാറശ്ശാല, കണ്ണൂര്‍ ജില്ലയിലെ തോട്ടട, കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ എന്നിവിടങ്ങളിലാണ് കാമറകളുടെ സഹായത്തോടെ ഒാട്ടോമാറ്റിക് ഡ്രൈവിങ് പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പത്തനംതിട്ടയിലെയും കോട്ടയത്തെയും പണി പൂര്‍ത്തിയായ രണ്ട് കേന്ദ്രങ്ങളും ഒഴികെ സംസ്ഥാനത്തെ ശേഷിക്കുന്ന 67 ആര്.ടി.ഒ, ജോയന്റ് ആര്.ടി.ഒ പരിധികളിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക പരിശോധന കേന്ദ്രങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ വഴിയാണ് ഏജന്‍സികളെ കണ്ടെത്തുക. ഒാരോ വര്‍ഷത്തിനും നിശ്ചിത നിരക്ക് എന്ന നിലയിലാകും ധാരണ. അതേസമയം, എത്ര വര്‍ഷത്തേക്കാണ് സ്വകാര്യ സംരംഭകരുമായി കരാറുണ്ടാക്കുക എന്ന് വ്യക്തമല്ല.
അടുത്ത വർഷത്തോടെ രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സ് പരിശോധനകളും കമ്പ്യൂട്ടർ വൽക്കരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.സര്‍ക്കാര്‍ നേരിട്ട് സംവിധാനമൊരുക്കുമ്പോൾ കാലതാമസം വരുമെന്നതിനാലാണ് പി.പി.പി മാതൃകയിലേക്ക് നീങ്ങാന്‍ കാരണമെന്നാണ് വിവരം. ഭൂമി കണ്ടെത്തലടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിശദീകരണം.
ഒരു ഏക്കറോളം ഭൂമിയാണ് ഒാട്ടോമാറ്റിക് പരിശോധന കേന്ദ്രങ്ങള്‍ക്കായി വേണ്ടത്. ‘എച്ച് ‘, ‘എട്ട് ‘ എന്നിവക്കായുള്ള ഹൈടെക് ട്രാക്ക്, റിവേഴ്സ് പാര്‍ക്കിങ് പരിശോധിക്കാനുള്ള അത്യാധുനിക സംവിധാനം എന്നിവയാണ് പ്രധാന ഭാഗം. ഒാരോ ട്രാക്കിലും 16 ക്യാമറകള്‍ സജ്ജീകരിക്കണം. ഇവക്ക് പുറമേ സെന്‍സറുകളും ക്രമീകരിക്കും. കാമറകളും സെന്‍സറുകളും ബന്ധിപ്പിക്കുന്ന സെര്‍വറുകള്‍, കണ്ട്രോള് റൂം, ഉച്ചഭാഷിണി എന്നിവയും അനുബന്ധമായി ഒരുക്കണം. പരിശോധനയില്‍ വിജയിക്കുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് നല്കുന്നതിനാല് കണ്ട്രോള് റൂമില്‍ തന്നെ പ്രിന്റിങ്ങിനുള്ള ക്രമീകരണങ്ങളുമുണ്ടാകും. ടോക്കണ്‍ സംവിധാനം, ടെസ്റ്റിനെത്തുന്നവര്ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍, ടോയ്ലറ്റുകള് എന്നിവ ഒരുക്കലും സ്വകാര്യ സംരംഭകരുടെ ചുമതലയാണ്.
Post Your Comments