മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ആല്‍ബത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. ഫോട്ടോയും വിവരങ്ങളും ആല്‍ബത്തില്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി കുറച്ച് മിനുക്കുപണികള്‍കൂടി കഴിഞ്ഞാല്‍ ആല്‍ബം പൂര്‍ത്തിയാകും. 2016 ഒക്ടോബറില്‍ അന്നത്തെ എസ്.പിയായിരുന്ന എ.വി.ജോര്‍ജ്ജിന്റെ ആശയമായിരുന്നു ഇടമലക്കുടിയുടെ ആല്‍ബം.
രാജ്യത്ത് ആദ്യമായാണ് ഒരു ആദിവാസിക്കുടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ ആല്‍ബം തയ്യാറാക്കുന്നത്. ഒരുവര്‍ഷമായി പഞ്ചായത്തിലെ 28 കുടികളില്‍ ഇടമലക്കുടിയിലെ ട്രൈബല്‍ ഇന്റലിജന്‍സ് പോലീസ് സംഘം സന്ദര്‍ശനം നടത്തിയാണ് വിവരം ശേഖരിച്ചത്. 28 കുടികളില്‍ വന്യമൃഗശല്യം മൂലം ചെന്നായ്പാറ, തകരത്തൊട്ടി, ഉടുമ്പന്പാറ, വാഴക്കുത്ത് എന്നിവിടങ്ങളില്‍ ജനവാസമില്ല. ബാക്കിയുള്ള 24 കുടികളിലെ ഓരോ വീട്ടുകാരെയും നേരില്‍കണ്ട് 50 ചോദ്യാവലികള്‍ക്കുള്ള ഉത്തരങ്ങള്‍ ശേഖരിച്ചു.
അംഗങ്ങളുടെ പേര്, വയസ്സ്, ആധാര്‍, വോട്ടര്‍ ഐ.ഡി.വിവരങ്ങള്‍, കുട്ടികളുടെ എണ്ണം, വിദ്യാഭ്യാസം, വിവാഹം, പ്രായം, ജോലി, വൃദ്ധര്‍, രോഗവിവരം, കടബാധ്യത, വരുമാനമാര്‍ഗം, കൃഷി, സ്വന്തമായുള്ള ഭൂമിവിവരം, കുട്ടികളില്ലാത്ത ദമ്പതിമാര്‍ തുടങ്ങിയ വിവരങ്ങളായിരുന്നു ചോദ്യാവലിയില്‍. ഇവയുടെ ഉത്തരങ്ങളും കുടുംബാംഗങ്ങളുടെ ചിത്രവും ഉള്‍കൊള്ളുന്നതാണ് ആല്‍ബം. ഓരോ കുടിക്കും പ്രത്യേകം ആല്‍ബം തയ്യാറാക്കി. ആല്‍ബത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടക്കും. ഒരുവര്‍ഷത്തിനിടെ എഴുപതിലധികം തവണ ഇടമലക്കുടിയില്‍ സന്ദര്‍ശനം നടത്തിയാണ് ട്രൈബല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചത്.
പട്ടിണി മരണങ്ങള്, നരബലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടമലക്കുടിയില്‍ നടക്കുന്നതായി ചില സംഘടനകള്‍ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് 2016 ഒക്ടോബറില്‍ എ.ഡി.ജി.പി. ബി.സന്ധ്യ ഇടമലക്കുടിയിലേക്ക് പ്രത്യേക ട്രൈബല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചത്. എ.എസ്.ഐമാരായ എ.എം.ഫക്രുദ്ദീന്‍, വി.കെ.മധു, വനിതാ സി.പി.ഒമാരായ കെ.ബി.ഖദീജ, കെ.എം.ലൈജാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആല്‍ബം തയ്യാറാക്കിയത്.
Post Your Comments