ജ്യോതിർമയി ശങ്കരൻ
കീർത്തിമന്ദിറിൽ നിന്നും അങ്ങാടിവരെ വീണ്ടും നടന്ന് പലവക സാധനങ്ങളും മുഴുത്ത നിലക്കടലയുമൊക്കെ വാങ്ങിയ ശേഷം വന്ന ഓട്ടോ റിക്ഷകളിൽത്തന്നെയിരുന്ന് ഞങ്ങൾ തൊട്ടടുത്തു തന്നെയുള്ള സുദാമാപുരിയിലേയ്ക്കു തിരിച്ചു.
സുദാമാപുരിയെക്കുറിച്ച് ഗൈഡ് ഞങ്ങളോട് മുൻപു തന്നെ പറഞ്ഞിരുന്നെങ്കിലും അങ്ങോട്ടുള്ള വഴി കണ്ടപ്പോൾ ആശ്ചര്യം തോന്നി.ഇത്രയും വൃത്തിഹീനമോ കുചേലന്റെ സ്ഥലം? എന്തുകൊണ്ടാകാം ഈ പുണ്യസ്ഥലത്തേയും അങ്ങോട്ടുള്ള വഴിയേയും അൽപ്പം കൂടി പ്രാധാന്യത്തോടെ സംരക്ഷിയ്ക്കാത്തത്? അതോ ഗുജറാത്തിലെ മാത്രം പ്രത്യേകതായാണോ ഇത്? വൃത്തികെട്ട വഴിയിലൂടെ അൽപ്പം നടന്നപ്പോൽ സുദാമാപുരി യാത്രാധാം എന്നെഴുതിയ കവാടം കാണാൻ കഴിഞ്ഞു. അഴിയിട്ട ഇരുമ്പുവാതിലിലൂടെ മരങ്ങൾ തിങ്ങി നിൽക്കുന്ന കോമ്പൌണ്ടിൽ പ്രവേശിച്ചു. കുചേലന്റെ ജന്മഗേഹം. ഇവിടെ നിന്നുമാണല്ലോ ഭഗവാനെ കാണ്മാനായി അദ്ദേഹം ദ്വാരകയിലേയ്ക്കെത്തിച്ചേർന്നത്.ഇന്നിത് ഇന്ത്യയിൽ കുചേലനായുള്ള ഒരേയൊരു ക്ഷേത്രമാണെന്നു പറയാനാകും. പന്ത്രണ്ടാം നൂറ്റാണ്ടിലെ പഴയ ക്ഷേത്രത്തിനു പകരമായി മനോഹരമായ ഇന്നത്തെ ക്ഷേത്രം ഇവിടെ പണികഴിപ്പിയ്ക്കപ്പെട്ടത് 1907ൽ മാത്രമാണ്.ഗോപുരവും താഴികക്കുടവും കൊത്തുപണികളും കൊണ്ട് മനോഹരമായ ക്ഷേത്രം. നടുവിൽ കൃഷ്ണനും ഇരു വശങ്ങളിൽ സുദാമാവും ഭാര്യയും ആണ് ഇവിടത്തെ പ്രതിഷ്ഠ.അവിൽ തന്നെ നിവേദ്യം.
അൽപ്പം നീങ്ങി പ്രത്യേകം തീർത്ത മണ്ഡപത്തിൽ ഒരു കല്ലിനു മുകളിലായി കൃഷ്ണ-കുചേല സംഗമത്തെ അനുസ്മരിപ്പിയ്ക്കാനായി കെട്ടിപ്പിടിച്ചു നിൽക്കുന്ന ശ്രീകൃഷ്ണ കുചേലന്മാരുടെ മാർബിൾ പ്രതിമ സ്ഥപിച്ചിരിയ്ക്കുന്നു. കൃഷ്ണ-കുചേലന്മാരെ അൽപ്പനേരം നോക്കി നിൽക്കാതിരിയ്ക്കാനായില്ല. അവിൽപ്പൊതിയുമായി നീങ്ങുന്ന ബ്രാഹ്മണനും കാത്തിരിയ്ക്കുന്ന കൂട്ടുകാരനും ആ കെട്ടിപ്പിടുത്തവും കുട്ടിക്കാലം മുതൽ മനസ്സിൽ പ്രതിഷ്ഠ നേടിയതുതന്നെയായിരുന്നല്ലോ. ആ സുദാമാവിന്റെ ഗേഹത്തിൽത്തന്നെയോ ഞാൻ എത്തിച്ചേർന്നിരിയ്ക്കുന്നത്? അതും ദ്വാരകയിലെ കൃഷ്ണനെ കാണാൻ ഇവിടെ നിന്നു തന്നെ പോകുകയുമാണല്ലോ? അറിയാതെ മനസ്സിലുയർന്ന നിർവൃതിയിൽ ലയിച്ച് തിരിഞ്ഞു നടക്കുമ്പോൾ കുചേലൻ ദ്വാരകയിലേയ്ക്കായി എന്നോടോത്തുണ്ടെന്ന തോന്നൽ പ്രബലപ്പെട്ടു.
കോമ്പൌണ്ടിൽ കണ്ട പ്രാചീനരീതിയിലെ വാൽക്കിണറിനു മതിൽ കെട്ടി ഗ്രില്ലിട്ടിട്ടുണ്ട്. വാതിൽ തുറന്നാൽ നടന്നുപോയി വെള്ളം മുക്കിയെടുക്കാനാകും. നല്ല ചൂടൂണ്ടെങ്കിലും നിറയെ മരങ്ങളും അതിലിരുന്നു ശബ്ദമുണ്ടാക്കുന്ന കിളികളും സുദാമപുരിയെ ഓർമ്മയിൽ പിടിച്ചു നിർത്തും.തിരിഞ്ഞു നോക്കുമ്പോൾ ക്ഷേത്രത്തിനു ചുറ്റുമുള്ള അനേകം ചെറിയ കൊടികളും ക്ഷേത്രഗോപുരത്തിനു മുകളിലെ വലിയ കൊടിക്കൂറയും സന്തോഷാധിക്യത്തലെന്നോണം പാറിപ്പറക്കുന്നുണ്ടായിരുന്നു.
Post Your Comments