ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയാണ് അന്‍ജും സെയ്ഫി എന്ന 25 വയസുകാരി. 1992 ല്‍ ഒരു സംഘം ഗുണ്ടകള്‍ അന്‍ജുമിന്റെ പിതാവ് റഷീദ് അഹമ്മദിനെ വെടിവെച്ചു കൊല്ലുമ്പോള്‍ അവള്‍ക്ക് വെറും നാല് വയസ് മാത്രമാണ് പ്രായം.
പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ തലയുയര്‍ത്തി നിന്നതിനായിരുന്നു റഷീദിനെ കൊന്നുതള്ളിയത്. കടയില്‍ കടന്നുകയറി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ റഷീദ് തടഞ്ഞു. ഇതോടെ റഷീദിനെ സംഘം വെടിവെച്ചു വീഴ്‍ത്തുകയായിരുന്നു. പിതാവിനെ കുറിച്ച് ചോദിച്ചാല്‍ അന്‍ജുമിന് മങ്ങിയ ഓര്‍മകള്‍ മാത്രമെയുള്ളു. എങ്കിലും പണ്ട് പിതാവ് ആവശ്യപ്പെട്ട ആ ആഗ്രഹം അവള്‍ മറന്നില്ല. കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അന്‍ജും.
നീതിക്ക് വേണ്ടി പോരാടിയിരുന്ന റഷീദിന് മകളെ ജഡ്ജിയാക്കണമെന്നായിരുന്നു ആഗ്രഹം. 25 വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ അവള്‍ പിതാവിന്റെ സ്വപ്നം സഫലമാക്കി. ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ അവള്‍ വിജയിച്ചതോടെയാണ് കാല്‍നൂറ്റാണ്ടിന്റെ സ്വപ്നത്തിന് സാക്ഷാത്കാരമായത്. സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷയില്‍ ഉന്നത വിജയത്തിന്റെ മധുരമാണ് അന്‍ജുമിന് പങ്കുവെക്കാനുള്ളത്.
‘ശരിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് എനിക്ക് എന്റെ പിതാവിനെ നഷ്ടമായത്. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും അന്നത്തെ സംവിധാനങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. അദ്ദേഹം ഉയര്‍ത്തിയ മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയുമാണ് എന്റെ ലക്ഷ്യം. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം ഇന്ന് ദൈവം എനിക്ക് കനിഞ്ഞ് നല്‍കിയിരിക്കുകയാണ്. ശരിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗം വെറുതെയാകില്ലെന്നും അന്‍ജും പറയുന്നു.
Post Your Comments