ദുബായ്•ഇസ്ലാമിനെ അവഹേളിയ്ക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ യുവാവിന് യു.എ.ഇയില്‍ മൂന്ന് മാസം തടവ്. സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയ 28 കാരനായ ജോര്‍ദ്ദാനിയന്‍ യുവാവിന് 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ജൂലൈ 3 ന് രാത്രി 9.30 ഓടെയാണ് ലൈസന്‍സില്ലാതെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനായി ഇയാളെ ലോക്കപ്പിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ച് ഇയാള്‍ ബ്ലെയ്ഡ് ഉപയോഗിച്ച് ശരീരത്തില്‍ മുഴുവന്‍ മുറിവുകള്‍ ഉണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പരാമെഡിക്കല്‍ വിഭാഗം ശ്രമിച്ചെങ്കിലും അതിനനുവദിക്കാതെ അക്രമകാരിയാകുകയായിരുന്നു. ഇതിനിടെ ഇയാള്‍ ഇസ്ലാമിനെയും അവഹേളിച്ചു എന്നാണ് ആരോപണം.
അജ്മാനില്‍ വച്ച് മദ്യപിച്ചിരുന്നതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഇസ്ലാമിനെ അവഹേളിച്ചു എന്നുമുള്ള ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments