വാഷിംഗ്ടണ്‍: തട്ടിപ്പ് തടയുന്നതിൽ ആധാര്‍ കാര്‍ഡ് സുപ്രധാന പങ്കുവഹിച്ചതായി നന്ദന്‍ നീലേകനി. ആധാറിന്റെ ശില്പിയായ നന്ദന്‍ നീലേകനി ആധാര്‍ കാര്‍ഡ് രാജ്യത്തിനു നിരവധി നേട്ടങ്ങൾ സമ്മാനിച്ചതായി അവകാശപ്പെട്ടു. ഇതിനകം തന്നെ രാജ്യത്തെ നൂറുകോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി. ആധാര്‍ കാര്‍ഡ് സര്‍ക്കാര്‍ നൽകുന്ന സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പുകൾ വലിയ അളവിൽ തടയാൻ സാധിച്ചു. തട്ടിപ്പിനു തടയിടാൻ കഴിഞ്ഞതോടെ 900 കോടി ഡോളര്‍ സംരക്ഷിക്കാന്‍ സാധിച്ചു. ഇതിലൂടെ ഖജനാവിന് വലിയ നേട്ടം ഉണ്ടായതായി അദ്ദേഹം അറിയിച്ചു.
വാഷിംഗ്ടണില്‍ വേള്‍ഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ‘ഡിജിറ്റല്‍ ഇക്കോണമി ഫോര്‍ ഡെവലപ്മെന്റ്’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു നന്ദന്‍ നീലേകനി. ആധാര്‍ കാര്‍ഡ് അവതരിപ്പിച്ചത് യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു. പക്ഷേ ഈ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടു പോയത് ബി.ജെ.പി സര്‍ക്കാരാണ്. ഇതിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ മികച്ച രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്തുണച്ചത്.
ആധാര്‍ കാര്‍ഡുമായി രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിൽ 50 ലക്ഷത്തിലധികം എണ്ണം ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 12000 കോടി ഡോളറോളം വരുന്ന ആനുകൂല്യങ്ങള്‍ ബാങ്കുകളിലൂടെ ആളുകൾക്ക് നേരിട്ട് നൽകാനായിട്ട് സര്‍ക്കാരിനു സാധിച്ചു. ഈ സംവിധനമാണ് ലോകത്തെ ഏറ്റവും വലിയ പണ വിനിമയ സംവിധാനമാണെന്നും നന്ദന്‍ നീലേകനി വ്യക്തമാക്കി.
Post Your Comments