തിരുവനന്തപുരം•ലോകാരോഗ്യ സംഘടനയും യുനീസെഫും സംയുക്തമായി മീസില്‍സ് , റൂബല്ല നിയന്ത്രണവും നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന വാക്‌സിനേഷനെതിരെ സംസ്ഥാനത്ത് ചില വാക്‌സിന്‍ വിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യബോധമുള്ള ആര്‍ക്കും ഇത് അംഗീകരിക്കുവാന്‍ കഴിയുന്നതല്ലെന്നും അക്ഷരാര്‍ത്ഥത്തില്‍ ഇത്തരം നിലപാടുകള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.
വാക്‌സിനേഷന്‍ കുട്ടികളുടെ അവകാശമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ തന്നെ തയ്യാറാകുമ്പോള്‍ ചിലര്‍ എന്തിനാണ് ഇതിനെ ഇത്രയുമധികം എതിര്‍ക്കുന്നത്? ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. തങ്ങളുടെ കുട്ടികള്‍ രോഗമില്ലാത്തവരായി വളരണം എന്നത് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്. അതിനുവേണ്ടി രക്ഷിതാക്കള്‍ വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകുമ്പോള്‍ അവരെ വാക്‌സിനെതിരായുള്ള കുപ്രചരണങ്ങള്‍ നടത്തിയും തെരുവുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും വൈര്യനിര്യാതന ബുദ്ധിയോടുകൂടി തെറ്റിദ്ധാരണാജനകമായ സിദ്ധാന്തങ്ങള്‍ പടച്ചുവിടുന്നത് എന്ത് ഉദ്ദേശത്തോടുകൂടിയാണ്? രാജ്യത്ത് 41 കോടി കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. ഇതിനെതിരായി കേരളത്തില്‍ മാത്രം ചില കുല്‍സ്രിത ശക്തികള്‍ നടത്തുന്ന വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിയാന്‍ അവര്‍ തയ്യാറാകണം. ഭാവി തലമുറയുടെ ആരോഗ്യസംരക്ഷണം നമ്മുടെ കൈകളിലാണ് എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു..
സംസ്ഥാനത്ത് ഒക്ടോബര്‍ 3 മുതല്‍ തുടക്കം കുറിച്ച മീസില്‍സ് , റൂബല്ല പ്രതിരോധയജ്ഞത്തിന്റെ ഭാഗമായുള്ള വാക്‌സിനേഷന്‍ കാമ്പയിന്‍ ഇന്നേക്ക് ഒരാഴ്ച പിന്നിട്ടുകഴിഞ്ഞു. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 3 വരെയുള്ള ഒരുമാസമാണ് കാമ്പയിന്റെ പ്രവര്‍ത്തനം പ്ലാന്‍ ചെയ്തിരിക്കുന്നത്. കാമ്പയിന്‍ ആരംഭിച്ച് 7 ദിവസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ 17 ലക്ഷത്തിലേറെ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. (വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ കാലാവധിക്കിടയില്‍ 2 അവധിദിവസങ്ങളുണ്ടായിരുന്നു) വാക്‌സിന്‍ വിരുദ്ധരുടെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വശംവതരാവാതെ ഇത്രയുമധികം രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തയ്യാറായത് അവരുടെ കര്‍ത്തവ്യബോധത്തിന്റെ മകുടോദാഹരണമാണ്.
2020 ഓടെ മീസില്‍സ്, റൂബല്ല രോഗങ്ങള്‍ സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുനടത്തുന്ന ഈ ബൃഹത് പദ്ധതിയുടെ വിജയത്തിന് എല്ലാവരും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളെ ഈ 2 മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ഈ ദൗത്യത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments